| Monday, 9th April 2018, 7:25 pm

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പറവൂര്‍: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ചു. കഴിഞ്ഞ ദിവസം ദേവസ്വം പാടത്ത് വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ പ്രതിയായ ശ്രീജിത്താണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

വെള്ളിയാഴ്ച വാരാപ്പുഴ ദേവസ്വം പാടത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ വാസുദേവന്‍ എന്നയാളുടെ വീട്ടല്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്‌ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് അന്ത്യം.


Read Also: ഹര്‍ത്താലിനെ തെറിവിളിച്ച് ബി.ജെ.പി അനുകൂലിയുടെ ഫേസ്ബുക്ക് ലൈവ്; വെല്ലുവിളി ഏറ്റെടുത്ത് കടയടപ്പിച്ച് ഹര്‍ത്താല്‍ പ്രവര്‍ത്തകര്‍


ആന്തരിക രക്തസ്രാവവും ഛര്‍ദ്ദി, മൂത്ര തടസം എന്നിവയ്ക്കാണ് ശ്രീജിത്ത് ചികിത്സ തേടിയത്. ഇന്നലെ വൈകിട്ടോടെ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് സ്വമേധയാ കേസെടുത്തിരുന്നു. ശ്രീജിത്തിന് പൊലീസ് മര്‍ദ്ദനമേറ്റതായും അതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ക്ഷേത്രത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാവാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.


Read Also: കര്‍ണാടക തെരഞ്ഞെടുപ്പ്: 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി പുറത്തു വിട്ടു


വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീജിത്തും സംഘവും ആയുധങ്ങളുമായി വാസുദേവന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഈ സമയം വാസുദേവനും ഭാര്യ സീതയും മകന്‍ വിനീഷും മകള്‍ വിനീതയും വിനീതയുടെ രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകന്‍ വിനീഷിനെ സംഘം വടിവാള്‍ കൊണ്ട് വെട്ടി. വിനീതയുടെ മകള്‍ മൂന്നുവയസ്സുള്ള നിഖിതയെ അക്രമികള്‍ വലിച്ചെറിഞ്ഞു.

We use cookies to give you the best possible experience. Learn more