| Tuesday, 15th September 2020, 5:03 pm

ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ ഫറൂക്ക് കോളെജ് അധ്യാപകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫറോക്ക്: കോഴിക്കോട് ഫറൂക്ക് കോളെജില്‍ അവസാന വര്‍ഷ ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ കോളെജ് അധ്യാപകന്‍ അറസ്റ്റില്‍. ഫറൂക്ക് കോളെജിലെ മലയാളം അധ്യാപകന്‍ കമറുദ്ദീന്‍ പരപ്പിലാണ് ഇന്ന് അറസ്റ്റിലായത്.

2019 ഡിസംബറിലാണ് ലൈംഗികാതിക്രമത്തിനാസ്പദമായ സംഭവം നടക്കുന്നത്. ഡിസംബര്‍ ആറിന് ഉഡുപ്പി- കുടജാദ്രി വിനോദയാത്രയ്ക്ക് പോകുന്ന വേളയില്‍ അധ്യാപകന്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ബസില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.

മഞ്ചേരി സ്വദേശിയായ പെണ്‍കുട്ടി തന്റെ ഹോസ്റ്റലില്‍ ഒരുമിച്ച് താമസിക്കുന്ന കൂട്ടുകാരോടാണ് ആദ്യം വിവരം പങ്കുവെച്ചതെന്ന് സഹപാഠിയായ യുവാവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഡിസംബര്‍ ആറിന് ഉഡുപ്പി-കുടജാദ്രിയിലേക്ക് ടൂര്‍ പോകുന്നതിനിടെയാണ് സംഭവം. ബസില്‍ യാത്ര തിരിച്ച സമയം രാത്രി പിന്‍സിറ്റിലിരിക്കുകയായിരുന്ന അധ്യാപകന്‍ പെണ്‍കുട്ടിയെ താന്‍ ഇരിക്കുന്നിടത്തേക്ക് വിളിക്കുകയായിരുന്നു. ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ അവിടെ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. സംഭവം നടന്നതിന് ശേഷം മാനസിക വിഷമത്തിലായ പെണ്‍കുട്ടി ഈ വിഷയം ആദ്യ ഘട്ടത്തില്‍ ആരോടും തുറന്ന് പറഞ്ഞിരുന്നില്ല. പിന്നീട് റൂംമേറ്റ്‌സിനോടാണ് ഈ വിവരം ആദ്യം തുറന്ന് പറയുന്നത്,’ സഹപാഠി പറഞ്ഞു.

ജനുവരി മാസത്തോടെയാണ് പീഡന വിവരം കോളെജില്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയും ഡിപ്പാര്‍ട്ട്‌മെന്റും കോളെജ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ ആരോപണവിധേയനായ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളെജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രിന്‍സിപാളിന് പരാതി നല്‍കിയിരുന്നതായി യൂണിറ്റ് സെക്രട്ടറി വിശ്വ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ കോളെജില്‍ ആഭ്യന്തര കമ്മിറ്റി അന്വേഷിക്കുകയും ആരോപണ വിധേയന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയ കമ്മിറ്റി ഇയാള്‍ക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.

അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത കോളെജ് മാനേജ്‌മെന്റ് കേസില്‍ കുറ്റം തെളിഞ്ഞാല്‍ പുറത്താക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിഷയം ചര്‍ച്ചയായതോടെ കേസില്‍ ഫറോക്ക് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് ഫറൂക്ക് കോളെജ് മുന്‍ വിദ്യാര്‍ത്ഥിയും പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനുമായിരുന്ന യുവാവ് പറഞ്ഞു.

പിന്നീട് കേസ് കോഴിക്കോട് സൗത്ത് പരിധിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കൊവിഡ് പടര്‍ന്ന് പിടിച്ചതോടെ കേസില്‍ അന്വേഷണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കേസില്‍ കമറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് കോഴിക്കോട് സൗത്ത് എ.സി.പി എ. ജെ ബാബു സ്ഥിരീകരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Accused arrested whom sexually abused his student in farook college

We use cookies to give you the best possible experience. Learn more