ജയ്പൂര്‍: മധ്യപ്രദേശില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. മൊറേന ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ബി.എന്‍.എസിലെ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയെത്തുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് 28കാരനായ പ്രതിയെ മൊറേന പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആടുകളെ മേയ്ക്കുന്നതിനായി വയലിലേക്ക് പോകുന്നതിനിടെയാണ് ഒമ്പതുവയസുകാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും തീവ്രപരിചരണത്തിനായി ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തുവെന്ന് മൊറേന പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പൊലീസ് സംഘങ്ങളെ രൂപീകരിച്ച് പ്രതിയെ പിടികൂടുകയുമായിരുനെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസും പ്രാദേശിക ഭരണകൂടങ്ങളും പെണ്‍കുട്ടിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇന്ത്യയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്.
കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവവനിതാ ഡോക്ട്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തോടെ രാജ്യത്തുടനീളമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് വധിശിക്ഷ വിധിക്കാനുള്ള നിയമത്തിന് ബംഗാള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുകയുണ്ടായി. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമാനമായ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്.
2018ല്‍ രാജ്യത്തുടനീളം ഓരോ 15 മിനിറ്റിലും ശരാശരി ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കണക്കുകള്‍ പ്രകാരം 2022ല്‍ 31,000ലധികം ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
എന്‍.സി.ആര്‍.ബി ഡാറ്റ പ്രകാരം 2018-2022 മുതല്‍ ബലാത്സംഗ കേസുകളിലെ ശിക്ഷാ നിരക്ക് 27 ശതമാനം മുതല്‍ 28 ശതമാനം വരെയാണ്.
Content Highlight: Accused arrested in POCSO case in Madhya Pradesh