ലേ: ലഡാക്കിലെ മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി. പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ലഡാക്ക് പ്രസ്സ് ക്ലബിന്റെ പരാതി സത്യമെന്ന് ജില്ലാ പോള്‍ ഓഫീസര്‍.
പരാതിയില്‍ കഴമ്പുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. -തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ് എന്നാണ് റിപ്പോര്‍ട്ട്.
വിഷയത്തില്‍ ലേയിലെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌ന ലവാസയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും ക്രിമിനല്‍ കേസിന്റെ പരിധിയില്‍ വരുന്ന നടപടിയാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പോളിങ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിഷയത്തില്‍ പൊലീസ് മുഖേന ജില്ലാ കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമോ എന്നായിരുന്നു അന്വേഷിച്ചത്. എന്നാല്‍ കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം. വിഷയത്തില്‍ പ്രസ് ക്ലബിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന പറഞ്ഞിരുന്നു.
ഹോട്ടല്‍ സിങ്കെ പാലസില്‍ നടത്തിയ ബി.ജെ.പിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയും മറ്റ് നേതാക്കളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്നായിരുന്നു ലഡാക് പ്രസ് ക്ലബ് പരാതിയില്‍ പറഞ്ഞത്.
പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അപമാനകരമാണെന്നും ആരും ബി.ജെ.പി. നീട്ടിയ പണം കൈപ്പറ്റാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ വിശദീകരിച്ചിരുന്നു. ബിജെപി നടത്തിയത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
പാര്‍ട്ടിയുടെ പ്രചാരണത്തിന് മികച്ച പിന്തുണ ലഭിക്കുന്നതിന് വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം തന്ന് സ്വാധീനിക്കാന്‍ ബി.ജെ.പി. ശ്രമിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
ബി.ജെ.പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ഒരു സ്വതന്ത്രന്‍ എന്നിവരാണ് ലഡാക്ക് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ബുദ്ധമതവിശ്വാസികള്‍ക്ക് പ്രാമുഖ്യമുള്ള ഇവിടെ കോണ്‍ഗ്രസും ബി.ജെ.പിയും ബുദ്ധമതത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. 2014ല്‍ ലഡാക്കില്‍ ബി.ജെ.പി. വിജയിച്ചിരുന്നു.