ന്യൂദല്‍ഹി: രാജ്യവ്യാപകമായി നടക്കുന്ന ബുൾഡോസ് രാജിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഉടമ കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ട് മാത്രം ആ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളോ സ്ഥാപനങ്ങളോ പൊളിക്കാന്‍ നിയമമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
രാജ്യത്താകമാനം നടക്കുന്ന ബുൾഡോസ് രാജിനെതിരായി സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
കുറ്റം ചെയ്തുവെന്നാരോപിക്കപ്പെടുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതിനാല്‍ മാത്രം വസ്തുവകകള്‍ പൊളിക്കാന്‍ അനുമതി ഇല്ലെന്നും കുറ്റം തെളിഞ്ഞാലും പൊളിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ അനധികൃതമായി നിര്‍മിച്ചതാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
അതേസമയം പൊതുവഴികള്‍ തടസപ്പെടുത്തുന്ന അനധികൃത നിര്‍മാണവും സംരക്ഷിക്കില്ലെന്നും കോടതി പറഞ്ഞു. അവ ആരാധനാലയങ്ങളായാലും സംരക്ഷണം ഏര്‍പ്പെടുത്തില്ലെന്നും കെട്ടിടം നിയമവിരുദ്ധമാണെങ്കില്‍ പൊളിക്കാമെന്നും കോടതി വ്യക്തമാക്കി.
‘കുറ്റമാരോപിക്കപ്പെട്ടത് കൊണ്ട് മാത്രം ആരുടെയും വീട് പൊളിക്കാനുള്ള അവകാശമില്ല. അയാള്‍ കുറ്റവാളിയാണെങ്കിലും നിയമം അനുശാസിക്കുന്ന നടപടി ക്രമങ്ങള്‍ പാലിക്കാതെ ഒരു നിര്‍മിതിയും പൊളിക്കാന്‍ സാധിക്കില്ല,’ ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ബുൾഡോസ് രാജിനെതിരായ മാര്‍ഗനിര്‍ദേശങ്ങള്‍ ദേശീയ അടിസ്ഥാനത്തില്‍ നിര്‍ദേശിക്കുന്നുവെന്നും ഇത് വഴി ഉന്നയിക്കപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും കോടതി പറഞ്ഞു.
ആദ്യത്തെ അറിയിപ്പ്, മറുപടി നല്‍കാനുള്ള സമയം, നിയമപരമായ പരിഹാരം തേടാനുള്ള സമയം ഇതിന് ശേഷം പൊളിക്കല്‍ നടപടികളിലേക്ക് കടക്കാവൂ എന്നും കോടതി പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തില്‍ കുറ്റകൃത്യം ആരോപിക്കപ്പെട്ട പലരുടേയും വീടുകളും സ്വത്തുക്കളുമെല്ലാം ബുള്‍ഡോസ് ചെയ്യുന്ന പ്രവണതകള്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: accusation is not a license to demolish houses, if the road is blocked houses of worship will also be demolished; supreme court against bulldozer raj