സി.പി.ഐ.എമ്മിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് പണം പിടിച്ചെടുത്ത സംഭവം; വീഴ്ച പറ്റിയത് ബാങ്കിന്, രേഖകള്‍ പുറത്ത്
Kerala News
സി.പി.ഐ.എമ്മിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് പണം പിടിച്ചെടുത്ത സംഭവം; വീഴ്ച പറ്റിയത് ബാങ്കിന്, രേഖകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2024, 4:08 pm

തിരുവനന്തപുരം: തൃശൂരില്‍ സി.പി.ഐ.എം ജില്ല കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ വീഴ്ച സംഭവിച്ചത് ബാങ്കിനാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ട് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പണം പിടിച്ചെടുത്തത് ആദായനികുതി വകുപ്പിന്റെ കെണിയായിരുന്നു എന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച് ബാങ്കില്‍ തിരിച്ചടക്കാന്‍ കൊണ്ടുവന്ന പണമാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് അക്കൗണ്ട് മരവിപ്പിക്കാന്‍ കാരണമായതെന്നും ഇത് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് വാദങ്ങളെയും സാധൂകരിക്കുന്ന രേഖകളും എം.വി. ഗോവിന്ദന്‍ പുറത്തുവിട്ടു.

പണം തിരച്ചടക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം തൃശൂര്‍ ജില്ല സെക്രട്ടറിക്ക് ആദായ നികുതി വകുപ്പ് നല്‍കിയ കത്തും പാന്‍നമ്പര്‍ രേഖപ്പെടുത്തിയതില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയെന്ന് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ കത്തുമാണ് എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചത്. വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ഇനിയും മറിച്ചുള്ള രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘അഖിലേന്ത്യ തലത്തില്‍ പാര്‍ട്ടിക്ക് ഒരു പാന്‍നമ്പര്‍ മാത്രമാണുള്ളത്. രേഖപ്പെടുത്തിയപ്പോള്‍ ബാങ്കിന് തെറ്റുപറ്റി. എന്നാല്‍ ഇത് നിരന്തരം തിരുത്താന്‍ ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും അത് സംഭവിച്ചില്ല. അതാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന നിലയിലേക്കെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയുണ്ടാകുന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരാതിരിക്കാന്‍ വേണ്ടിയാണ് പ്രസ്തുത അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിക്കാതെ സൂക്ഷിച്ചത്.

പിന്നീട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ആ പണം ബാങ്കില്‍ തിരിച്ചടക്കാന്‍ കൊണ്ടുപോയപ്പോഴാണ് ബാങ്കില്‍ വെച്ച് നാടകീയമായി പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്,’ എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ സി.പി.ഐ.എം. ജില്ല സെക്രട്ടറി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എം.വി. ഗോവിന്ദന്‍ ഇന്ന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞതെങ്കിലും അത് സാധൂകരിക്കുന്ന രേഖകള്‍ ആദ്യമായിട്ടാണ് സി.പി.ഐ.എം. പുറുത്തുവിടുന്നത്. ഈ രേഖകള്‍ സഹിതം ആദായ നികുതി വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവും സി.പി.ഐ.എം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

content highlights: Accounts of CPIM were frozen and money seized; The bank failed, the documents are out