ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു; ഫലസ്തീനിലെ ഓരോ മണിക്കൂറും മനുഷ്യ രാശിയുടെ ഇരുണ്ട സമയമെന്ന് ലോകാരോഗ്യ സംഘടന
World News
ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു; ഫലസ്തീനിലെ ഓരോ മണിക്കൂറും മനുഷ്യ രാശിയുടെ ഇരുണ്ട സമയമെന്ന് ലോകാരോഗ്യ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th December 2023, 10:53 pm

ജെറുസലേം: ഇസ്രഈല്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഫലസ്തീനിലെ ഓരോ മണിക്കൂറും മനുഷ്യരാശിയുടെ ഇരുണ്ട സമയമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

യൂറോയുടെ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ 7 മുതല്‍ ഫലസ്തീനില്‍ 10,000ലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ട് മരിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

ഇസ്രഈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 24,000 കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെടുകയും 18,000 കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസ മുനമ്പിലെ 2.3 ദശലക്ഷം ജനങ്ങളില്‍ 47 ശതമാനം ആളുകള്‍ 18 വയസിന് താഴെയുള്ളവരാണ്. അതില്‍ ഭൂരിഭാഗവും ചുരുങ്ങിയ ജീവിതത്തിനിടയില്‍ കുറഞ്ഞത് നാല് ഇസ്രഈല്‍ ആക്രമണങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ അഭയം തേടിയ കുട്ടികള്‍ ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം, തിരക്കേറിയ സാഹചര്യങ്ങള്‍, ശുചിത്വമില്ലായ്മ, പകര്‍ച്ചവ്യാധികള്‍ എന്നിവ നേരിടുന്നുണ്ടെന്ന് യു.എന്‍ പ്രസ്താവനയില്‍ പറയുന്നു.

ഗസ കുട്ടികളുടെ ശ്മശാനമായും മറ്റു ഫലസ്തീനികളുടെ നരകമായി മാറിയിരിക്കുകയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഇസ്രഈല്‍ ആക്രമണത്തില്‍ ഏകദേശം 8,000 പേരെ കാണാതാവുകയും വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ മരിച്ചതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അനുമാനിക്കുന്നു. 50,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും അതില്‍ ബഹുഭൂരിപക്ഷം സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതര്‍ പറയുന്നു.

Content Highlight: According to the World Health Organization, a child is killed every 10 minutes in Palestine