| Saturday, 17th December 2022, 10:06 am

കേന്ദ്ര സര്‍ക്കാരുമായി ഒത്തുപോകില്ല; 2023 ഐ.സി.സി ലോകകപ്പ് ഇന്ത്യയില്‍ നിന്നും മാറ്റാന്‍ സാധ്യത

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിന് ഇന്ത്യയാണ് വേദിയാകുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും ഐ.സി.സി പിന്‍വലിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കേന്ദ്ര സര്‍ക്കാരുമായുള്ള നികുതി പ്രശ്‌നങ്ങള്‍ കാരണമാണ് ലോകകപ്പ് ഇന്ത്യയില്‍ നിന്നും മാറ്റി മറ്റെവിടെയെങ്കിലും നടത്താന്‍ ഐ.സി.സിയെ നിര്‍ബന്ധിതരാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രമുഖ കായിക മാധ്യമമായ ക്രിക്കറ്റ് അഡിക്ടറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

2011ലാണ് അവസാനമായി ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയായത്. അന്ന് ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമൊപ്പമായിരുന്നു ഇന്ത്യ ലോകകപ്പ് നടത്തിയത്. ഇതിന് ശേഷം 2016 ടി-20 ലോകകപ്പിനും ഇന്ത്യ വേദിയായിരുന്നു. 2023 ലോകകപ്പിലേക്കെത്തുമ്പോള്‍ 2011ല്‍ നിന്നും വ്യത്യസ്തമായി ഇന്ത്യ മാത്രമാണ് ലോകകപ്പിന് ആതിഥേയരാകുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട നികുതിയിളവുകള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യമാണ് ഐ.സി.സി ബി.സി.സി.ഐക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്. ആതിഥേയ രാജ്യത്തെ സര്‍ക്കാരില്‍ നിന്നും നികുതിയിളവുകള്‍ തേടുന്നത് ഐ.സി.സിയുടെ നയങ്ങളുടെ ഭാഗമാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു മറുപടിയും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

2016 ടി-20 ലോകകപ്പിന്റെ സമയത്തും ഇന്ത്യന്‍ ഗവണ്‍മെന്റ് ഒരു തരത്തിലുള്ള നികുതി ആനുകൂല്യങ്ങളും ഐ.സി.സിക്ക് നല്‍കിയിട്ടില്ലായിരുന്നു. ഈ തുക ബി.സി.സി.ഐയുടെ റവന്യൂ സര്‍ചാര്‍ജില്‍ നിന്നും ഐ.സി.സി ഈ തുക ഈടാക്കുകയായിരുന്നു.

ഇതോടെ ഏകദേശം 190 കോടി രൂപയാണ് ബി.സി.സി.ഐക്ക് നഷ്ടമായത്. ഇതുസംബന്ധിച്ച കേസ് ഇപ്പോഴും ഐ.സി.സി ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.

‘അത് ബി.സി.സി.ഐയുടെ പണമാണ്. 2023 ലോകകപ്പിന് മുമ്പ് ഇക്കാര്യത്തില്‍ ഒരു പരിഹാരം കാണാന്‍ ഐ.സി.സിക്ക് സാധിക്കുന്നില്ലെങ്കില്‍, ഇന്ത്യയുടെ വരുമാന വിഹിതത്തില്‍ നിന്നും കുറക്കാനുള്ള നടപടിയാണ് ഐ.സി.സി സ്വീകരിക്കുന്നതെങ്കില്‍ അത് നിയമ പോരാട്ടത്തില്‍ മാത്രമേ അവസാനിക്കൂ.

നികുതയടക്കുന്ന രാജ്യത്തെ പൗരന്‍മാരോട് സര്‍ക്കാര്‍ എന്തുപറയും? രാജ്യത്തെ പണം സമ്പാദിക്കുന്ന ഒരേയൊരു കായിക വിനോദത്തെ നികുതിയില്‍ നിന്നും ഒഴിവാക്കുമോ? അതെത്രത്തോളം നന്നായി നടക്കും? ഇതിനെ കുറിച്ച് സര്‍ക്കാര്‍ ഒന്നും തന്നെ പറയാന്‍ പോകുന്നില്ല,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

2016ന് സമാനമായ അതേ നിലപാട് തന്നെയായിരിക്കും ഇത്തവണയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുക എന്നാണ് വിവിധ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത് സര്‍ക്കാരിനെ സംബന്ധിക്കുന്ന കാര്യമാണ്, ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല, വേണമെങ്കില്‍ ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്നും മാറ്റാം എന്ന് ബി.സി.സി.ഐ ഐ.സി.സിയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സാഹചര്യത്തില്‍ മൂന്ന് വഴികളാണ് ഐ.സി.സിക്ക് മുമ്പിലുള്ളത്,

ഒന്ന്, നികുതിയിളവ് ഉപേക്ഷിക്കുന്ന കാര്യം അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. രണ്ട്, ലോകകപ്പ് ഇന്ത്യക്ക് പുറത്തേക്ക് മാറ്റാം. അല്ലെങ്കില്‍ 2016ല്‍ ചെയ്തതുപോലെ ഇന്ത്യയുടെ വിഹിതത്തില്‍ നിന്നും ഐ.സി.സിക്ക് ആ തുക കുറക്കാം.

Content highlight: According to reports, the ICC may move the 2023 ODI World Cup out of India due to tax issues

We use cookies to give you the best possible experience. Learn more