| Saturday, 3rd September 2022, 10:50 pm

നെയ്മറിനെ ഒഴിവാക്കാന്‍ എംബാപ്പെയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു; ടീമിലെത്തിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകം അടച്ചിരിക്കുകയാണ്. മിക്ക താരങ്ങളും അവരുടെ മികച്ച സൈനിങ് നടത്തി ടീമിനെ ശക്തമാക്കിയിരിക്കുകയാണ്. പല ടീമുകളും സര്‍പ്രൈസ് താരങ്ങളെ ടീമിലെത്തിച്ച് എതിരാളികളെ ഞെട്ടിച്ചപ്പോള്‍ മറ്റു പല ടീമിനും ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

ട്രാന്‍സ്ഫര്‍ വിന്‍ഡോ അടച്ച ശേഷമാണ് പല ട്രാന്‍സ്ഫര്‍ ഡിസ്‌കഷനുകളുടെയും വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ഷെര്‍മാങ് അവരുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ പുറത്താക്കാന്‍ ഇതിനിടെ തീരുമാനിച്ചിരുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മുന്നേറ്റ നിരയില്‍ എംബാപ്പെയും മെസിയുമുള്ളതിനാല്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ നെയ്മറിനെ വിട്ടുകളയാനായിരുന്നു പി.എസ്.ജി പദ്ധതിയിട്ടിരുന്നതെന്നും നെയ്മറിന് പ്രീമിയര്‍ ലീഗ് അടക്കമുള്ള ക്ലബ്ബുകളില്‍ നിന്നും ഓഫര്‍ വന്നിരുന്നതായും കായിക മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ലേ പേര്‍ഷ്യനും ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കായിരുന്നു നെയ്മര്‍ പോകുമെന്ന് കരുതിയിരുന്നത്. സിറ്റിയുടെ പോര്‍ച്ചുഗല്‍ താരം ബെര്‍ണാഡോ സില്‍വയെ ഫ്രാന്‍സിലെത്തിക്കാനായിരുന്നു പി.എസ്.ജി നെയ്മറിനെ സിറ്റിക്ക് കൊടുക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് ഈ കൈമാറ്റത്തില്‍ താത്പര്യമില്ലാത്തതിനാല്‍ മാത്രമാണ് നെയ്മറിപ്പോള്‍ പി.എസ്.ജിയില്‍ കളിക്കുന്നത്. നേരത്തെ തന്നെ എര്‍ലിങ് ഹാലണ്ടിനെ ടീമിലെത്തിച്ചതോടെയാണ് സിറ്റി നെയ്മറില്‍ താത്പര്യം കാണിക്കാതിരുന്നത്.

ഡ്രസ്സിങ് റൂമില്‍ എംബാപ്പെയുമായുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് താരത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പി.എസ്.ജി നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

2017ലായിരുന്നു ബാഴ്‌സലോണയുടെ മുന്നേറ്റനായകന്‍ ബാഴ്സ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറുന്നത്. 222 മില്യണ്‍ യൂറോയ്ക്കായിരുന്നു താരം ഫ്രാന്‍സിലെത്തിയത്.

2022-23 സീസണിന്റെ തുടക്കം തന്നെ മികച്ചതാക്കിയാണ് നെയ്മര്‍ തന്റെ പ്രകടനം തുടങ്ങിയത്. സഹതാരം കിലിയന്‍ എംബാപെയുമായുള്ള ഉരച്ചില്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പി.എസ്.ജിയില്‍ നെയ്മറിനിത് നല്ല കാലമാണ്.

പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപേ നെയ്മറിനെ ടീമില്‍ നിന്നും പുറത്താക്കാന്‍ ക്ലബ്ബിലെ തന്റെ സകല അധികാരങ്ങളും വിനിയോഗിക്കുന്നതിനിടെയാണ് നെയ്മറിനെ സിറ്റിയുമായി സ്വാപ് ചെയ്യാന്‍ ടീം തീരുമാനിച്ചതെന്ന കാര്യവും ശ്രദ്ധേയമാണ്.

നേരത്തെ, തനിക്ക് പി.എസ്.ജിക്കൊപ്പം തന്നെ നിലനില്‍ക്കാനാണ് ആഗ്രഹമെന്ന് നെയ്മര്‍ ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘എനിക്ക് ക്ലബ്ബില്‍ തന്നെ നില്‍ക്കണമെന്നാണ് ആഗ്രഹം. എനിക്ക് ആരോടും ഒന്നും തന്നെ തെളിയിക്കാനില്ല എന്നതാണ് പരമമായ സത്യം. ആളുകള്‍ക്കും ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അവര്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.

ഞാന്‍ എന്താണെന്നും ഞാന്‍ എങ്ങനെ കളിക്കുന്നു എന്ന കാര്യവും എല്ലാവര്‍ക്കുമറിയാം. എനിക്കൊന്നും തെളിയിക്കാനില്ല, എനിക്ക് ഫുട്ബോള്‍ കളിക്കാന്‍ ഏറെയിഷ്ടമാണ്. ഞാനിവിടെ സന്തുഷ്ടനുമാണ്,’ നെയ്മര്‍ പറഞ്ഞു.

ലീഗ് വണ്ണില്‍ മികച്ച പ്രകടനമാണ് നെയ്മറിനൊപ്പം പി.എസ്.ജി നടത്തിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ചയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. നാന്റസാണ് എതിരാളികള്‍.

Content Highlight:  According to reports, PSG offered Neymar to Manchester City but they rejected him

We use cookies to give you the best possible experience. Learn more