ന്യൂദല്‍ഹി: പോക്‌സോ നിയമത്തിന്റെ പരിധിയില്‍ ഇതുവരെ 14.03 ശതമാനം കേസുകളില്‍ മാത്രമാണ് ശരിയായവിധം ശിക്ഷ നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ട്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നിട്ട് 10 വര്‍ഷം തികയുമ്പോള്‍ നടത്തിയ പഠനത്തിലെ കണക്കുകളാണിത്.
‘എ ഡെക്കഡ് ഓഫ് പോക്സോ’ എന്ന തലക്കെട്ടിലുള്ള വിശകലനം നീതി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയിലെ ആക്സസ് ആന്‍ഡ് ലോവറിംഗ് ഡിലേയ്സ് ഇന്‍ ഇന്ത്യയുടെ നേതൃത്വത്തിലാണ് നടന്നത്.
ലോക ബാങ്കിലെ ഡാറ്റ എവിഡന്‍സ് ഫോര്‍ ജസ്റ്റിസ് റിഫോവും പഠനവുമായി സഹകരിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള കോടതികളില്‍ പോക്സോ നിയമത്തിന് കീഴിലുള്ള കേസുകള്‍ വിശകലനം ചെയ്തതിന്റെ റിപ്പോര്‍ട്ടാണിത്.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് പഠനം പുറത്തുവിടുന്നത്.
2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 486 ജില്ലകളിലെ കോടതികളില്‍ നിന്ന് 230,730 കേസുകള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട്.
പോക്‌സോ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 43.44 ശതമാനം കേസുകളിലെ പ്രതികളെ കുറ്റവിമുക്തരാക്കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ആകെയുള്ള കേസുകളില്‍ ആറ് ശതമാനത്തിലും പ്രതിയും ഇരയും തമ്മില്‍ പരിജയമില്ലാത്തവരായിരുന്നു. ഇരയും പ്രതിയും തമ്മിലുള്ള ബന്ധം 44 ശതമാനം കേസുകളിലും തിരിച്ചറിഞ്ഞിതായി രേഖകളലില്ല.
എന്നാല്‍ 22.9 ശതമാനം പ്രതികള്‍ക്കും ഇരകളെ പരിജയമുണ്ടായിരുന്നു. ഇതില്‍ 3.7 ശതമാനം കേസുകളിലും പ്രതികള്‍ കുടുംബാംഗങ്ങളാണ്. 18 ശതമാനം കേസുകളില്‍ പ്രണയബന്ധത്തിന്റെ എലമെന്റുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 2021-ല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍.സി.ആര്‍.ബി) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം പോക്‌സോ പ്രകാരം ഫയല്‍ ചെയ്ത 96 ശതമാനം കേസുകളിലും പ്രതികള്‍ക്ക് ഇരകളെ അറിയാമായിരുന്നു.
സാമ്പിള്‍ വിശകലനത്തിന് വേണ്ടി തെരഞ്ഞെടുത്ത 138 വിധിന്യായങ്ങളില്‍ 5.47 ശതമാനം ഇരകളും 10 വയസിന് താഴെയും 17.8 ശതമാനം 10 നും 15നും വയസിനിടയിലും 28 ശതമാനം 15 നും 18നും വയസിനിടയിലുള്ളവരുമാണ്. ഇതില്‍ 48 ശതമാനം കേസുകളിലും ഇരകളുടെ പ്രായം തിരിച്ചറിഞ്ഞിട്ടില്ല.
എന്നാല്‍ പ്രതികളില്‍ 11.6 ശതമാനം 19 മുതല്‍ 25 വരെ വയസിനിടയിലും 10.9 ശതമാനം 25 മുതല്‍ 35 വരെ വയസിനിടയിലും, 6.1 ശതമാനം 35 മുതല്‍ 45 വരെ വയസിനിടയിലും, 6.8 ശതമാനം 45ന് വയസിന് മുകളിലുമാണ്. 44 ശതമാനം കേസുകളില്‍ പ്രതികളുടെ പ്രായം തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.