ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും കേന്ദ്ര ഏജന്‍സികളുടെ പരിശോധനയെന്ന് റിപ്പോര്‍ട്ട്
national news
ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും കേന്ദ്ര ഏജന്‍സികളുടെ പരിശോധനയെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2024, 5:00 pm

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തടയിടാനൊരുങ്ങിയതായി റിപ്പോര്‍ട്ട്. ചില ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളില്‍ റെയ്ഡ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇ- കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വിദേശ നിക്ഷേപ നിയമലംഘനങ്ങള്‍ നടത്തുന്നുണ്ടോ എന്ന അന്വേഷണം നടക്കുന്നതിനെ സംബന്ധിച്ചാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ ഏജന്‍സി ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും എക്‌സിക്യൂട്ടീവുകളെ വിളിപ്പിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും കച്ചവടം 70 ബില്യണിലധികം ഉയരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍. സ്ഥാപനങ്ങളുടെ വളര്‍ച്ച സംബന്ധിച്ചും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുമാണ് പരിശോധനയ്ക്ക് വിളിപ്പിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് കമ്പനികളും വില്‍പ്പനയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ആന്റി ട്രസ്റ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും സാധനങ്ങളുടെ വില്‍പനയില്‍ ഇന്‍വെന്ററിയില്‍ നിയന്ത്രണം ചെലുത്തുന്നുണ്ടോയെന്ന ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരച്ചിലും പരിശോധനകളും തുടരുമെന്നും വിദേശനിക്ഷേപ നിയമലംഘനങ്ങള്‍ കമ്പനികള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും വിവരങ്ങള്‍ ലഭിച്ചുവെങ്കിലും വിശദാംശങ്ങള്‍ പരസ്യമാക്കിയിട്ടില്ല.

ഇരു കമ്പനികളിലെയും അഞ്ച് വര്‍ഷങ്ങളിലായുള്ള ബിസിനസ് ഡാറ്റയും ഇ-കൊമേഴ്‌സ് ഇടപാടുകളും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിശദമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അതേസമയം അന്വേഷണത്തെ കുറിച്ചും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ വിഷയത്തിലും ഫ്‌ളിപ്കാര്‍ട്ടും ആമസോണും പ്രതികരിച്ചിട്ടില്ല.

Content Highlight: According to reports, central agencies are investigating Flipkart and Amazon