| Wednesday, 6th December 2023, 3:36 pm

ഛത്തീസ്ഗഢില്‍ തെരഞ്ഞെടുക്കപ്പെട്ട 90ല്‍ 17 എം.എല്‍.എമാരും ക്രിമിനല്‍ കേസുള്ളവര്‍, 12 പേര്‍ ബി.ജെ.പിയില്‍ നിന്നും

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയിലെ 90 പേരില്‍ 17 എം.എല്‍.എമാരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഇതില്‍ ആറ് പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെട്ടവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇവര്‍ കേസുകളുടെ വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഛത്തീസ്ഗഢിലെ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ഛത്തീസ്ഗഢ് ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ബി.ജെ.പിയുടെ 54 എം.എല്‍.എമാരില്‍ 12 പേരും അതായത് 22 ശതമാനം എം.എല്‍.എമാര്‍ക്കുമെതിരെ നിലവില്‍ ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ നാല് എം.എല്‍.എമാര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് തങ്ങള്‍ക്കെതിരെ ക്രിമില്‍ കുറ്റം നിലനില്‍ക്കുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ രണ്ട് പേര്‍ക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളും ചുമത്തപ്പെട്ടിട്ടുണ്ട്.

പട്ടാന്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഭിലായ് നഗറില്‍ നിന്ന് മത്സരിച്ച ദേവേന്ദ്ര യാദവ്, കോട്ട സീറ്റില്‍ നിന്നും മത്സരിച്ച അടല്‍ ശ്രീവാസ്തവ് എന്നിവര്‍ നിലവില്‍ ക്രിമിനല്‍ കേസുകളുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുന്‍ മന്ത്രിമാരായ രാജേഷ് മുനാത് (റായ്പൂര്‍ സിറ്റി വെസ്റ്റ്), ദയാല്‍ദാസ് ബാഗേല്‍ (നവഗഢ്), ശകുന്തള്‍ സിങ് പോര്‍ടേ (പ്രതാപ്പൂര്‍), ഉദ്ദേശ്വരി പൈക്ര (സമ്‌രി), ഒ.പി. ചൗധരി (റായ്ഗഢ്), വിജയ് ശര്‍മ (കവാര്‍ധ), വിനായക് ഗോയല്‍ (ചിരാകോട് സൗത്ത്) ആശ്രം നേതം (കങ്കര്‍ സൗത്ത്) എന്നിവര്‍ നിലവില്‍ ക്രിമിനല്‍ കേസുകളില്‍ പേര് ചേര്‍ക്കപ്പെട്ട ബി.ജി.പെി എം.എല്‍.എമാരാണ്.

2018ല്‍ ആകെയുള്ള 90 എം.എല്‍.എമാരില്‍ 24 പേര്‍ക്കും (27 ശതമാനം) ക്രിമിനല്‍ കേസുകളുണ്ടായിരുന്നു. ഇതില്‍ 13 പേര്‍ (14 ശതമാനം) എം.എല്‍.എമാര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളും ചുമത്തപ്പെട്ടിരുന്നു.

അതേസമയം, ഛത്തീസ്ഗഢില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സ്ഥാനഭ്രഷ്ടരാക്കി ബി.ജെ.പി അധികാരത്തിലേറിയിരുന്നു. കേവല ഭൂരിപക്ഷത്തേക്കാള്‍ എട്ട് സീറ്റ് അധികം നേടിയാണ് ബി.ജെ.പി സംസ്ഥാനഭരണം പിടിച്ചത്.

ആകെയുള്ള 90 സീറ്റുകളില്‍ ബി.ജെ.പി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 35 സീറ്റിലൊതുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 33 സീറ്റുകളാണ് കോണ്‍ഗ്രസിന് നഷ്ടമായത്. ബി.എസ്.പി സഖ്യം ഒരു സീറ്റും നേടി.

Content Highlight: According to reports, 17 out of 90 newly elected MLAs in Chhattisgarh have criminal cases.

We use cookies to give you the best possible experience. Learn more