| Tuesday, 27th September 2022, 3:49 pm

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമില്‍ മാറ്റം വന്നേക്കാം; സൂപ്പര്‍ താരം തിരിച്ചെത്താന്‍ സാധ്യത; ഐ.സി.സിയുടെ ആ നിയമം ആയുധമാക്കാന്‍ ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന് കളമൊരുങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയുടെ ടീമില്‍ ആരാധകര്‍ക്ക് ഇപ്പോള്‍ ആശങ്കകളേറെയാണ്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ നിലം തൊടാതെ അടിവാങ്ങിക്കൂട്ടുന്നു എന്നതാണ് ഇന്ത്യയെയും ആരാധകരേയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നത്.

പേസ് ബൗളിങ്ങിനെ തുണക്കുന്ന ഓസീസ് പിച്ചുകളില്‍ ആ അഡ്വാന്റേജ് ഇന്ത്യക്ക് മുതലാക്കാന്‍ സാധിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടേലും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. പരിക്കിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ബുംറയാകട്ടെ കരിയറിലെ തന്നെ മോശം പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ കാഴ്ചവെച്ചത്.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം സ്‌ക്വാഡില്‍ ഒരു സുപ്രധാന മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിയെ മെയ്ന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായാണ് സൂചന.

നിലവില്‍ പ്രഖ്യാപിച്ച ലോകകപ്പ് സ്‌ക്വാഡില്‍ ഷമി അംഗമല്ല. സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് ഇന്ത്യ ഷമിയെ ടീമിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലോകകപ്പില്‍ പങ്കെടുക്കുന്ന 16 ടീമുകളും അവരുടെ സ്‌ക്വാഡ് അനൗണ്‍സ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അവര്‍ക്ക് പ്രഖ്യാപിച്ച സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള ഒരു അവസരം ഐ.സി.സി നല്‍കുന്നുണ്ട്.

പരിക്കോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെങ്കില്‍ക്കൂടിയും മെയ്ന്‍ സ്‌ക്വാഡിലെ താരങ്ങള്‍ക്ക് പകരം താരത്തെ ഉള്‍പ്പെടുത്താം. ഒക്ടോബര്‍ ഒമ്പത് വരെ താരങ്ങള്‍ക്ക് ഈ രീതിയില്‍ ടീമിനെ പൊളിച്ചെഴുതാന്‍ സാധിക്കും. ഡെഡ് ലൈന്‍ കഴിഞ്ഞതിനാല്‍ ഐ.സി.സിയുടെ പ്രത്യേക അനുമതി വാങ്ങണമെന്ന് മാത്രം.

ഈ നിയമം ഉപയോഗപ്പെടുത്തി ഷമിയെ മെയ്ന്‍ സ്‌ക്വാഡിലേക്കെത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകരും ക്രിക്കറ്റ് പണ്ഠിറ്റ്‌സും ഷമിയെ ആണ് പിന്തുണക്കുന്നതും. ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ ഷമിയോളം മികച്ച ഓപ്ഷന്‍ മറ്റാരും തന്നെയില്ല.

എന്നാല്‍ ഷമിയുടെ ആരോഗ്യം ചോദ്യചിഹ്നമായി മാറിയേക്കാം. നിലവില്‍ കൊവിഡ് ബാധിതനായ ഷമി ലോകകപ്പിന് മുമ്പ് പൂര്‍ണ ആരോഗ്യം നേടുമോ എന്നാണ് ഇനി അറിയേണ്ടത്. കൊവിഡ് കാരണം ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്നും താരത്തിന് വിട്ടുനില്‍ക്കേണ്ടതായി വന്നിരുന്നു.

ഇന്ത്യ മാത്രമല്ല, ഓസീസ് അടക്കമുള്ള മറ്റ് ടീമുകളും ഈ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കാമറൂണ്‍ ഗ്രീന്‍ നിലവില്‍ ലോകകപ്പിനുള്ള കങ്കാരുപ്പടയില്‍ അംഗമല്ല. എന്നാല്‍ താരത്തെ ഓസീസിന്റെ ലോകകപ്പ് ജേഴ്‌സിയില്‍ കണ്ടേക്കാമെന്നാണ് സൂചനകള്‍.

നിലവില്‍ ഇന്ത്യയുടെ ടി-20 ലോകകപ്പ് സ്‌ക്വാഡ് :

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേസ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍:

മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപ്ക് ചഹര്‍

Content highlight: According to ICC’s rules, India can include Shami in the World Cup squad.

We use cookies to give you the best possible experience. Learn more