| Saturday, 8th August 2020, 8:53 am

വിമാനപകടങ്ങള്‍ പതിവാകുന്ന ടേബിള്‍ ടോപ്പ് റണ്‍വേകള്‍; കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായത് നാല് അപകടങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ പ്രധാനമാണ് കരിപ്പൂര്‍ വിമാനത്താവളം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയില്‍ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം അന്തര്‍ ദേശീയ യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോള്‍ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളമെന്നാണ് അറിയപ്പെടുന്നത്.

ടേബിള്‍ ടോപ്പ് റണ്‍വേയുള്ള വിമാനത്താവളം കൂടിയാണ് കരിപ്പൂരിലേത്. അതായത് കുന്നിന്‍ മുകളിലെ നിരപ്പായ പ്രദേശത്ത് നിര്‍മിക്കുന്ന റണ്‍വേയാണ് ടേബിള്‍ ടോപ്പ് റണ്‍വേ എന്നറിയപ്പെടുന്നത്.

ഇപ്രകാരം സമുദ്രനിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് കരിപ്പൂരിലേത്. റണ്‍വേയുടെ ഒരുഭാഗമോ രണ്ടറ്റമോ താഴ്ന്ന നിലയിലായിരിക്കാം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിമാനത്തിന്റെ ലാന്‍ഡിംഗ് അതീവ ശ്രമകരമായ കാര്യമാണ്. ഈ സവിശേഷതയുള്ളതിനാല്‍ ലാന്‍ഡിംഗിലെ ചെറിയ പിഴവ് മതി വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടേബിള്‍ ടോപ്പ് റണ്‍വേയുള്ള വേറേയും വിമാനത്താവളങ്ങള്‍ ഇന്ത്യയിലുണ്ട്. മംഗലാപുരം, മിസോറാമിലെ ലെങ് പുയി വിമാനത്താവളം എന്നിവിടങ്ങളിലും ടേബിള്‍ ടോപ്പ് റണ്‍വേ ആണുള്ളത്. കരിപ്പൂരില്‍ നടന്ന ഈ അപകടം 2010 ല്‍ മംഗലാപുരം വിമാനത്താവളത്തില്‍ നടന്ന വിമാനപകടത്തിന് സമാനമാണ്.

എന്നാല്‍ കരിപ്പൂരില്‍ ഇതിനു മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2012 ഏപ്രലില്‍ കരിപ്പൂരില്‍ നിന്ന് യാത്ര തിരിച്ച കോഴിക്കോട്- ദുബായ് വിമാനത്തില്‍ പക്ഷി ഇടിച്ച് എന്‍ജിന്‍ തകരാറിലായിരുന്നു. എന്നാല്‍, വിമാനം സുരക്ഷിതമായി നിലത്തിറക്കിയതിലൂടെ വന്‍ അപകടം ഒഴിവായി.

പിന്നീട് ഇത്തരത്തില്‍ ഒരു അപകടം റിപ്പോര്‍ട്ട് ചെയ്തത് 2017ലാണ്. 2017 ഓഗസ്റ്റ് നാലിന് ചെന്നൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയുടെ അരികില്‍ വിളക്കുകള്‍ തകര്‍ത്ത് ലാന്‍ഡ് ചെയ്തു.കനത്ത മഴയെത്തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനുണ്ടായ ബുദ്ധിമുട്ടാണ് അപകടത്തിന് കാരണമായത്. നിസ്സാര പരിക്കുകള്‍ മാത്രമേ യാത്രക്കാര്‍ക്കുണ്ടായുള്ളു.

കഴിഞ്ഞ വര്‍ഷവും കരിപ്പൂരില്‍ വിമാനപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019 ജൂണ്‍ 21 ന് അബുദാബി- കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ലാന്‍ഡിങ് ലൈറ്റില്‍ ഇടിച്ചിറങ്ങി. എന്നാല്‍ ആളപായമില്ലാത്തത് വന്‍ ദുരന്തത്തെ ഒഴിവാക്കി.

അതേ വര്‍ഷം തന്നെ മറ്റൊരു അപകടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019 ഡിസംബര്‍ 24-ന് ജിദ്ദ- കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍പൊട്ടി അപകടമുണ്ടായി. എന്നാല്‍ ആര്‍ക്കും ആളപായമോ പരിക്കോ ഉണ്ടായിരുന്നില്ല.

ഇതിന് ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമാണ് കഴിഞ്ഞദിവസം സംഭവിച്ചത്. ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് (കത1344) അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്.

പൈലറ്റ് അടക്കം 19 പേര്‍ മരിച്ചു. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി 13 പേരാണ് ഇതുവരെ മരിച്ചത്. മലപ്പുറം ജില്ലയിലെ ആശുപത്രികളിലായി ആറ് പേരും മരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more