| Monday, 30th December 2024, 7:44 am

ഉമ തോമസിന്റെ അപകടം; സുരക്ഷാ മാനദന്ധം പാലിക്കാത്തതില്‍ സംഘാടകര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ എം.എല്‍.എ ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്തപരിപാടി സംഘടിപ്പിച്ചുവെന്നാണ് എഫ്.ഐ.ആര്‍.

ഇന്നലെ രാത്രിയോടെ അപകടത്തില്‍ ഡി.ജി.പിയുടെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിലവിൽ സ്റ്റേജ് കരാര്‍ ഏറ്റെടുത്തവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസെടുത്തത്.

പരിശോധനകള്‍ക്ക് പിന്നാലെ 12 അടി ഉയരത്തില്‍ നിന്നാണ് എം.എല്‍.എ താഴേക്ക് വീണതെന്ന് സ്ഥിരീകരിച്ചു. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സൗകര്യമൊരുക്കിയത്.

താത്കാലികമായി തയ്യാറാക്കിയ വി.ഐ.പി ഗാലറിയുടെ കൈവരി ഒരുക്കിയത് ബലമില്ലാത്ത ക്യൂ ബാരിയേര്‍ഡ് ഉപയോഗിച്ചായിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ അപകടം ഉണ്ടായത്. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയാണ് അപകടം സംഭവിച്ചത്.

നിലവില്‍ എം.എല്‍.എ എറണാകുളം റിനൈ മെഡിസിറ്റിയില്‍ വെന്റിലേറ്ററില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചത്.

24 മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മാത്രമേ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പറയാന്‍ കഴിയുള്ളുവെന്നും ഇന്നലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പറഞ്ഞത്.

ഉടനടി ശസ്ത്രക്രിയകള്‍ വേണ്ടതില്ലെന്നും ആന്തരിക രക്തസ്രാവമില്ലെന്നും ശ്വാസകോശത്തില്‍ ചെറിയ തോതില്‍ രക്തം കട്ടയായിട്ടുണ്ടെന്നും ഡോക്ടര്‍ കൃഷ്ണനുണ്ണി അറിയിച്ചിരുന്നു. മൂന്ന് വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടായതിന്റെ ഭാഗമായാണ് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്.

റിനൈ മെഡിസിറ്റിയുടെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുമ്പോള്‍ എം.എല്‍.എ അബോധാവസ്ഥയിലായിരുന്നു. ഉമ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി സജി ചെറിയാന്‍, ഹൈബി ഈഡന്‍ എം.പി തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു.

Content Highlight: Accident of Uma Thomas; Case against organizers for non-compliance of safety norms

We use cookies to give you the best possible experience. Learn more