| Thursday, 25th May 2017, 10:46 am

ഗര്‍ഭിണായാണെന്ന് അറിഞ്ഞ് പത്ത് മിനിട്ടിനകം യുവതി അപകടത്തില്‍ മരിച്ചു; ദാരുണസംഭവം മൂവാറ്റുപുഴയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂവാറ്റുപുഴ: നിയന്ത്രണം വിട്ടെത്തിയ കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഗര്‍ഭിണി മരിച്ചു. മാലി ലൈറ്റ്നിങ് വില്ലയില്‍ കെ. മെയില്‍ മുഹമ്മദ് അസ്സമിന്റെ ഭാര്യ ഐഷത്ത് റൈഹ (25) യാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് അന്‍പതോടെയായിരുന്നു അപകടം. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സബൈന്‍സ് ആശുപത്രിയ്ക്ക് മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ഉടനെയാണ് അപകടം നടന്നത്.


Dont Miss സെക്രട്ടറിയേറ്റിനു മുമ്പില്‍ യുത്ത് കോണ്‍ഗ്രസ്- യുവമോര്‍ച്ച സംഘര്‍ഷം: പരസ്പരം കുപ്പിയേറ് 


ഓട്ടോറിക്ഷയിലേക്ക് ആദ്യം ഐഷത്തും പിന്നാലെ ബന്ധു ഐഷത്ത് അബ്ദുള്ളയും കയറിയപ്പോഴേയ്ക്കും എതിരെ വന്ന കാറ് നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയുമായി മുന്നോട്ടു കുതിച്ച കാറ് പോസ്റ്റിലിടിച്ചാണ് നിന്നത്.

ഐഷത്തിനെ ഉടന്‍ തന്നെ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചങ്കിലും രക്ഷിക്കാനായില്ല.

മൂന്നു മാസത്തെ ചികിത്സയ്ക്കൊടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് പള്ളിച്ചിറങ്ങരയിലെ വാടക വീട്ടിലേക്ക് പോകാനായി ആശുപത്രിക്കു മുന്നില്‍ നിന്നും ഓട്ടോയില്‍ കയറിയതായിരുന്നു ഇവര്‍.

അപകടത്തില്‍ ഓട്ടോഡ്രൈവര്‍ മൂവാറ്റുപുഴ പായിപ്ര ചെളിക്കണ്ടത്തില്‍ മുഹമ്മദിനും കാര്‍യാത്രക്കാരായ രണ്ട് പേര്‍ക്കും പരിക്കുണ്ട്.

മൂന്നു വര്‍ഷം മുമ്പ് വിവാഹിതരായ മാലി സ്വദേശികളായ ഐഷത്ത് റൈഹയും അസം മുഹമ്മദും മൂന്നു മാസം മുമ്പാണ് സബൈന്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിച്ചായിരുന്നു ചികിത്സ.

ചൊവ്വാഴ്ച രാത്രിയോടെ പരിശോധനാ ഫലം വന്നപ്പോഴാണ് ഐഷത്ത് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഇതിന് ശേഷം ആശുപത്രിയിലെ കഫെയില്‍ നിന്ന് കാപ്പി കുടിച്ച് സന്തോഷം പങ്കിടാന്‍ മധുരപലഹാരങ്ങളും വാങ്ങിയാണ് ഇവര്‍ പുറത്തേക്ക് പോയത്.

ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ ആദ്യം കയറിയത് ഐഷത്ത് ആണ്. പിന്നാലെ ബന്ധു ഐഷത്ത് അബ്ദുള്ളയും കയറി. അതിനു പിറകില്‍ ഭര്‍ത്താവ് അസം മുഹമ്മദ് വണ്ടിയിലേക്ക് കയറാന്‍ ഒരുങ്ങവേയാണ് അപകടം സംഭവിക്കുന്നത്.

വണ്ടിയില്‍ ചോരയില്‍ കുളിച്ച് കിടന്ന ഐഷത്തിനെയും എടുത്തുകൊണ്ട് അസം മുഹമ്മദാണ് ആശുപത്രിയിലേക്ക് ഓടിയത്. പക്ഷേ, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

We use cookies to give you the best possible experience. Learn more