ചണ്ഡീഗഡ്: പഞ്ചാബില്‍ ചരക്കുതീവണ്ടികള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.
മധോപൂരിന് സമീപത്തുണ്ടായ അപകടത്തില്‍ പൈലറ്റുകളായ വികാസ് കുമാര്‍, ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പട്യാലയിലെ രജീന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ സ്വദേശികളാണെന്ന് ഡോക്ടര്‍ ഇവാന്‍പ്രീത് കൗര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് രാജ്പുര, പട്യാല, ധുരി എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
#WATCH | Punjab: Two goods trains collided near Madhopur in Sirhind earlier this morning, injuring two loco pilots who have been admitted to Sri Fatehgarh Sahib Civil Hospital. pic.twitter.com/0bLi33hLtS
കൂടാതെ ചരക്ക് തീവണ്ടിയുടെ ഡി.എഫ്.സി സിഗ്‌നലിന്റെ ഓവര്‍ഷൂട്ടാണ് അപകടത്തിന് കാരണമായതെന്നും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിട്ടില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് ഇന്നേ ദിവസം, 2023 ജൂണ്‍ രണ്ടിന് ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ നിന്ന് ഹൗറയിലേക്ക് പോകുന്നതിനിടയില്‍ കോറോമാണ്ടല്‍ എക്സ്പ്രസ് ഒരു ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിനിന്റെ ഭൂരിഭാഗം ബോഗികളും പാളം തെറ്റി.
അപകടത്തിനിടയില്‍ കോറോമാണ്ടല്‍ എക്സ്പ്രസിന്റെ ഏതാനും ബോഗികള്‍ ഒരേസമയം കടന്നുപോകുകയായിരുന്ന ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലേക്ക് മറിയുകയുമുണ്ടായി. ഈ അപകടം വലിയ മാനുഷിക ദുരന്തത്തിലേക്കാണ് നയിച്ചത്.
അതേസമയം അടുത്ത വര്‍ഷങ്ങളിലായി നിരവധി ട്രെയിന്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേയ്ക്ക് സാധിക്കുന്നില്ല. സ്വകാര്യ നയങ്ങളും കരാര്‍ നിയമനങ്ങളും അപകടങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുന്നതായാണ് വിലയിരുത്തല്‍.
Content Highlight: Accident in Punjab due to collision of freight trains