വീണ്ടും വാഹനാപകടം: മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
Kerala News
വീണ്ടും വാഹനാപകടം: മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 7:29 am

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്നലെ പാലക്കാട് തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ എട്ടുപേര്‍ മരിച്ചിരുന്നു. ആംബുലന്‍സും മീന്‍ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.

നെല്ലിയാമ്പതിയില്‍ വിനോദയാത്ര പോകവെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്നു നെന്മാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷമാണ് ഇവരെ സ്‌കാനിങ്ങും എക്സ്റേയും എടുക്കുന്നതിനായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയത്. നെല്ലിയാമ്പതിയിലെ അപകടത്തില്‍ ചെറിയ പരിക്കുകള്‍ മാത്രമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.

അപകടവിവരം അറിഞ്ഞ് നാട്ടില്‍നിന്നു ചില ബന്ധുക്കള്‍ നെന്മാറയില്‍ എത്തിയിരുന്നു. ഇവരില്‍ രണ്ടുപേര്‍ ഇവരോടൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്നുവെന്നാണു വിവരം. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുക്കാന്‍ സാധിച്ചത്.

പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍ (47), ഫവാസ്, സുബൈര്‍, ഷാഫി, സുലൈമാന്‍ തുടങ്ങിയവരാണു മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന ഒരു കുട്ടിക്ക് ഗുരുതരപരിക്കുണ്ട്. ആകെ നാലുപേരാണ് ഇപ്പോള്‍ പരിക്ക് പറ്റി ആശുപത്രിയിലുള്ളത്.

ലോറിയുടെ വേഗതയല്ല, മറിച്ച് ആംബുലന്‍സ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. സ്വാഭാവിക അപകടമാണെന്നും പൊലീസ് പറഞ്ഞു.

മരിച്ചവരുടെ സംസ്‌കാരം ഇന്നു നടക്കും. ഇന്നലെ രാത്രി വൈകിയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. സുധീറിന്റെ മൃതദേഹം ഇന്നലെ രാത്രി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തിരുന്നു. ശേഷിക്കുന്ന ഏഴു മൃതദേഹങ്ങള്‍ ഇന്നു ബന്ധുക്കള്‍ ഏറ്റുവാങ്ങും.