ശ്രീനഗര്‍: ജമ്മുകശ്മീര്‍ ലഡാക്കില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കരസേന അന്വേഷണം പ്രഖ്യാപിച്ചു. എങ്ങനെയാണ് അപകടം നടന്നതെന്ന് കണ്ടെത്തുന്നതിനായാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ സൈനിക മേധാവിയുമായി സംസാരിച്ചു.
ഇന്നലെ വൈകിട്ടോട് കൂടിയാണ് സൈനികര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ലേ ജില്ലയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള തെക്കന്‍ ലഡാക്കിലെ ന്യോമ ജില്ലയിലാണ് അപകടം ഉണ്ടായത്. 10 സൈനികരുമായി പോയ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞുവീണത്. സൈനിക ക്യാമ്പില്‍ നിന്നും സൈനികരെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.
പത്ത് പേരുണ്ടായിരുന്ന ട്രക്കിലെ എട്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഒരു സൈനികന്‍ പരിക്കേറ്റ് ചികിത്സയിലാണ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് പരിശോധിച്ചു വരികയാണെന്ന് സേനയും പൊലീസും ഇന്നലെ അറിയിച്ചിരുന്നു. നിയന്ത്രണം വിട്ടാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Accident in ladakh; The army has announced investigation