ആറ്റിങ്ങലില്‍ റോഡ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങല്‍ ബൈപാസില്‍ റോഡ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് ബാബുവാണ് മരിച്ചത്. മാണനാക്കില്‍ നിന്നും ആലങ്കോടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. റോഡില്‍ കുഴിയെടുത്ത ഭാഗത്ത് ബോഡ് സ്ഥാപിക്കാതിരുന്നതും വാഹനത്തിന്റെ അമിത വേഗതയുമാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് എടുത്ത കുഴിയിലാണ് ഇന്നലെ കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന ബാക്കി അഞ്ച് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കിളിമാനൂര്‍ സ്വദേശി അക്ഷയ്, കടക്കാവൂര്‍ സ്വദേശികളായ ബ്രൗണ്‍, സ്റ്റീഫന്‍, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി പോസ്റ്റുകള്‍ മാറ്റുന്ന പ്രവര്‍ത്തനവും ഇവിടെ നടക്കുന്നുണ്ട്. ഇതിനാല്‍ രാത്രി സംഭവ സ്ഥലത്ത് ലൈറ്റും ഉണ്ടായിരുന്നില്ല. ഇതും അപകടത്തിന് കാരണമായെന്നാണ് നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തിരുവോണം ആഘോഷിക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
Content Highlights: Accident in attingal, one death