|

കുംഭമേളക്കിടെയുണ്ടായ അപകടം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി.

കേസര്‍ സിങ്, യോഗേന്ദ്ര കുമാര്‍ പാണ്ഡെ, കമലേഷ് സിങ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അരുണ്‍ ബന്‍സാലി, ജസ്റ്റിസ് ക്ഷിതിജ് ശൈലേന്ദ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

മഹാകുംഭമേളയ്ക്കിടെ അധികാരികള്‍ നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. കുംഭ മേള അവസാനിച്ചുവെന്നും ഈ ഒരു സാഹചര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് വ്യര്‍ത്ഥമാണെന്ന് കോടതി പറഞ്ഞു. നിലവില്‍ യു.പി സര്‍ക്കാര്‍ നിയമിച്ച അന്വേഷണം നടക്കുന്നുണ്ടെന്നും അതിനപ്പുറം മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

2025ല്‍ നടന്ന മഹാകുംഭമേളയില്‍ ഭരണകൂടം തങ്ങളുടെ കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും കുംഭമേളയില്‍ മോസം അടിസ്ഥാന സൗകര്യങ്ങളാണ് നല്‍കിയതെന്നും ഹരജിക്കാര്‍ പറഞ്ഞു.

പൊന്റൂണ്‍ പാലങ്ങള്‍ക്ക് ഗുണനിലവാരമില്ലായിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ ഭക്തര്‍ പുണ്യസ്‌നാനം നടത്താന്‍ ബുദ്ധിമുട്ടിയെന്നും ഹരജിയില്‍ പറയുന്നു. കുംഭമേളയ്ക്ക് വേണ്ടി നീക്കിവെച്ച ബജറ്റും ചെലവഴിച്ച തുക, വരുമാനം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം ഹരജി പത്ര-മാധ്യമ റിപ്പോര്‍ട്ടുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഹരജി നിലനില്‍ക്കില്ലെന്നും പത്ര റിപ്പോര്‍ട്ടുകള്‍ ആവശ്യമായ ഗവേഷണം നടത്താതെ പുറത്തിറക്കിയതാണെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ പറഞ്ഞു.

ജനുവരി 29ന് അലഹബാദില്‍ നടന്ന മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് ഹരജിക്കാര്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.

Content Highlight: Accident during Kumbh Mela; Allahabad High Court rejects plea seeking CBI probe

Latest Stories