ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബാഗ്പത്തില്‍ ജൈനമതസ്ഥരുടെ പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. മാന്‍സ്തംഭ് കോംപ്ലക്‌സില്‍ താത്ക്കാലികമായി നിര്‍മിച്ച സ്‌റ്റേജ് അനിയന്ത്രിതമായ തിരക്കിനെ തുടര്‍ന്ന് തകര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
കോംപ്ലക്‌സില്‍ നിര്‍മിച്ച 65 അടി താത്ക്കാലിക സ്റ്റേജിന്റെ തടി തകര്‍ന്ന് കോണിപ്പടകള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് സമീപത്ത് നിന്നവരെല്ലാം താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നാലെ സമീപത്തുണ്ടായിരുന്ന 40തോളം പേര്‍ക്കാണ് പരിക്കേറ്റത്. ജൈന വിശ്വാസികള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമടക്കം പരിക്കേറ്റിട്ടുണ്ട്.
ബറാവുത്ത് നഗരത്തിലെ ഗാന്ധി റോഡിലെ ശ്രീ ദിഗംബര്‍ ജെയിന്‍ ഡിഗ്രി കോളേജ് ഗ്രൗണ്ടില്‍ നടത്തിയ ആദിനാഥ് അഭിഷേകത്തിനിടെയാണ് അനിയന്ത്രിതമായ തിരക്കുണ്ടായത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
സ്‌റ്റേജിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ രാവിലെ മുതല്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാല്‍ പറഞ്ഞു.
20 പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായെന്നും ബാക്കി ഉള്ളവരെ വീടുകളിലെത്തിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ പ്രതികരണവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. അടിയന്തര സഹായം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആദിത്യനാഥ് പറഞ്ഞു.
Content Highlight: Accident during event held by Jains in Uttar Pradesh; Seven deaths