|

ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനിലെ അപകടം; സത്യം മറച്ചുവെക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം ലജ്ജാകരം: ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാ കുഭമേളയില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതിന് പിന്നാലെ ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നടന്ന അപകടത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്ത അങ്ങേയറ്റം വേദനാജനകമാണെന്നും ഖാര്‍ഗെ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഖാര്‍ഗെയുടെ പ്രതികരണം.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ

സ്റ്റേഷനില്‍ നിന്ന് വരുന്ന വീഡിയോകള്‍ അങ്ങേയറ്റം ഹൃദയഭേദകമാണെന്നും ഖാര്‍ഗെ പ്രതികരിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നടന്ന മരണങ്ങളുടെ കാര്യത്തില്‍ സത്യം മറച്ചുവെക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം എത്രയും വേഗം ഔദ്യോഗികമായി പ്രഖ്യാപിക്കണം, കാണാതായവരുടെ ഐഡന്റിറ്റി ഉറപ്പാക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടകാരണം.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 15-20 മിനിട്ടിനുള്ളില്‍ നൂറുകണക്കിന് യാത്രക്കാര്‍ 13, 14 പ്ലാറ്റ്ഫോമുകളില്‍ പെട്ടെന്ന് തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് സംഭവം. പരിക്കേറ്റവരെ ഉടന്‍ തന്നെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

പ്രയാഗ്‌രാജിലേക്ക് പോകുന്ന സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസും വൈകിയതിനാല്‍ ഈ ട്രെയിനുകളിലെ യാത്രക്കാര്‍ 12, 13, 14 പ്ലാറ്റ്ഫോമുകളില്‍ ഉണ്ടായിരുന്നു. ഇതിനിടെ പ്രയാഗ്‌രാജ് എക്സ്പ്രസ് 14-ാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയതോടെ ജനക്കൂട്ടം ട്രെയിനില്‍ കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.

സ്റ്റേഷനിലെ വലിയ തിരക്ക് കാരണം നിരവധി യാത്രക്കാര്‍ ശ്വാസംമുട്ടി ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വേ മന്ത്രാലയം ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.

അതേസമയം അപകടത്തില്‍ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും മുന്‍ മുഖ്യമന്ത്രിയുമായ അതിഷി മര്‍ലേന രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിനോ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലെന്നും പ്രയാഗ്‌രാജില്‍ ശരിയായ ക്രമീകരണങ്ങളില്ലെന്നും അതിഷി പറഞ്ഞു. അപകടം ദൗര്‍ഭാഗ്യകരമാണെന്നും ദല്‍ഹി എം.എല്‍.എ പറഞ്ഞു.

Content Highlight: Accident at New Delhi Railway Station; Modi govt’s attempt to hide truth is shameful: Kharge

Video Stories