ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 2004 ലെ എന്‍.ഡി.എയുടെ ഇന്ത്യ ഷൈനിങ് കാമ്പയിന്റെ അതേ വിധിയായിരിക്കും ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാരിന്റെ അച്ഛേ ദിന്നിനെന്നും സോണിയ പറഞ്ഞു. 2004 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു ബി.ജെ.പി അവരുടെ ഇന്ത്യ ഷൈനിങ് കാമ്പയിനുമായി എത്തിയത്.
“ഞങ്ങളുടെ വിജയത്തിന് ഇടയാക്കിയ ഇന്ത്യ ഷൈനിങ് കാമ്പയിന്റെ അതേ വിധി തന്നെയായിരിക്കും അച്ഛേ ദിന്നിനും വരികയെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നും ഇല്ല”- സോണിയ പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
2019 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ബി.ജെ.പി മോഹനവാഗ്ദാനങ്ങളായിരുന്നു തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയതെന്നും എന്നാല്‍ അതൊന്നും പാലിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു സോണിയയുടെ മറുപടി. ഇത് ജനങ്ങളെ സംബന്ധിച്ച് വലിയ നിരാശയാണ് സമ്മാനിച്ചതെന്നും സോണിയ പറഞ്ഞു.
പ്രധാനമന്ത്രിക്ക് എന്തെങ്കിലും ഉപദേശങ്ങള്‍ കൊടുക്കാനുണ്ടോ എന്ന ചോദ്യത്തിന് അതിന് അദ്ദേഹം എന്തെങ്കിലും ഉപദേശം ചോദിച്ചോ എന്നായിരുന്നു സോണിയയുടെ ചോദ്യം.
മോദിയേയും അടല്‍ ബിഹാരി വാജ്‌പേയിയേയും എങ്ങനെ താരതമ്യപ്പെടുത്തുന്നു എന്ന ചോദ്യത്തിന് പാര്‍ലമെന്ററി നടപടികളെ വാജ്‌പേയി വലിയ രീതിയില്‍ ആദരിച്ചിരുന്നെന്നും എന്തുപറയണമെന്ന് അന്ന് സ്പീക്കര്‍ക്ക് അറിയാമായിരുന്നുവെന്നും സോണിയ പറയുന്നു. വാജ്‌പേയിക്കൊപ്പം നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അന്ന് തങ്ങള്‍ക്കായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. ഇന്ന് പ്രേരണാധികാരം എന്നൊരു സംഗതിയേയില്ലെന്നും സോണിയ പറഞ്ഞു.
2014 ല്‍ ബി.ജെ.പി അധികാരത്തിലെത്തുന്നതിന് മുന്‍പ് ഇന്ത്യ ഒരു തമോഗര്‍ത്തത്തില്‍ ആയിരുന്നോ എന്നും സോണിയ ചോദിക്കുന്നു.
മുന്‍ സര്‍ക്കാരിന്റെ എല്ലാ ഭരണനേട്ടങ്ങളേയും ബി.ജെ.പി പാടെ അവഗണിച്ചു. ഒന്നിന്റേയും ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ട. എന്നാല്‍ കഴിഞ്ഞ ദശാബ്ദങ്ങളിലെ ഇന്ത്യയുടെ ശക്തിയേയും ഞങ്ങളുടെ പരിശ്രമത്തേയും അംഗീകരിച്ചേ മതിയാവൂ.
2014 മെയ് 16 ന് ശേഷം നമ്മുടെ ഭരണഘടനയുടെ അടിത്തറകള്‍ മനപ്പൂര്‍വ്വം നീക്കം ചെയ്യപ്പെടാനുള്ള ശ്രമം നടന്നു. ഭരണഘടനയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള മൗലികമായ പ്രസ്താവനകള്‍ വരെ ചിലര്‍ നടത്തി. അത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ യാദൃശ്ചികമല്ല. അപകടകരവും നല്ല രീതിയില്‍ ആലോചിച്ച് പ്രയോഗിച്ച ഒരു തന്ത്രം കൂടിയാണ്- സോണിയ പറഞ്ഞു.
ഇന്ത്യയുടെ സത്തയെ തകര്‍ക്കുക എന്നൊരു ശ്രമം നടന്നിട്ടുണ്ട്. ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത് സമൂഹത്തില്‍ ധ്രുവീകരണം നടത്തിയാണ്. പ്രകോപനപരമായ പ്രസ്താവനകള്‍ അപകടകരമായ ഒരു പദ്ധതിയുടെ ഭാഗമാണെന്നും സോണിയ പറഞ്ഞു.