80 ശതമാനം ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം; ഉത്തരാഖണ്ഡില്‍ വിലക്കേര്‍പ്പെടുത്തി ക്ഷേത്ര കമ്മിറ്റികള്‍
national news
80 ശതമാനം ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം; ഉത്തരാഖണ്ഡില്‍ വിലക്കേര്‍പ്പെടുത്തി ക്ഷേത്ര കമ്മിറ്റികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th June 2023, 9:06 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഋഷികേശ്, ഡെറാഡൂണ്‍ എന്നീ ജില്ലകളിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന ആരാധകരുടെ വസ്ത്രധാരണത്തിന് നിര്‍ദേശങ്ങളുമായി ക്ഷേത്ര കമ്മിറ്റികള്‍.

അല്‍പ വസ്ത്രധാരികളായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തുമെന്ന് മഹാനിര്‍വാണി പഞ്ചായത്തി അഖാരയുടെ സെക്രട്ടറി മഹന്ദ് രവീന്ദ്ര പുരി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ദക്ഷ് പ്രജാപതി മന്ദിര്‍ (ഹരിദ്വാര്‍), തപ്‌കേശ്വര്‍ മഹാദേവ് മന്ദിര്‍ (ഡെറാഡൂണ്‍), നീല്‍കാന്ത് മഹാദേവ് മന്ദിര്‍ (ഋഷികേശ്) എന്നീ ക്ഷേത്രങ്ങളിലേക്ക് അല്‍പ വസ്ത്രധാരികളായ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രവേശനം വിലക്കുന്നു.

80 ശതമാനവും ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ഈ ക്ഷേത്രങ്ങളില്‍ പ്രവേശനമുള്ളൂ.

മഹാനിര്‍വാണി പഞ്ചായത്തി അഖാരയുമായി ബന്ധപ്പെട്ട ഈ ക്ഷേത്രങ്ങളില്‍ നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരും,’ രവീന്ദ്ര പുരി പറഞ്ഞു. അഖില ഭാരതീയ അക്ഷര പരിഷത്തിന്റെ അധ്യക്ഷന്‍ കൂടിയാണ് രവീന്ദ്ര പുരി.

രാജ്യത്തുടനീളമുള്ള അഖാരയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലേക്കും ഈ നിരോധനം ഉടന്‍ വ്യാപിപ്പിക്കുമെന്നും രവീന്ദ്ര പുരി പറഞ്ഞു.

‘ചിലര്‍ അല്‍പവസ്ത്രധാരികളായാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. അവരെ നോക്കാന്‍ തന്നെ നാണം തോന്നും. ഐതിഹ്യങ്ങളില്‍ ഹരിദ്വാറിലെ ദക്ഷ് പ്രജാപതി മന്ദിര്‍ എന്ന് അറിയപ്പെടുന്ന ദക്ഷേക്ഷ്വര്‍ മഹാദേവ മന്ദിര്‍ ശിവന്റെ വീടായിട്ടാണ് പരിഗണിക്കുന്നത്.

ലോകത്തിലെ എല്ലായിടത്തുമുള്ള ജനങ്ങളും അവിടെ വരുന്നുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ഷേത്രത്തില്‍ ഭക്തരുടെ പ്രവാഹമാണ്.

ഇന്നത്തെ തലമുറ ക്ഷേത്രത്തിന്റെ പവിത്രതയെ അവഗണിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്. ഇത്തരം വസ്ത്രങ്ങള്‍ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നെന്ന് പറഞ്ഞ് നിരവധി പരാതികളും വരുന്നുണ്ട്.

ആവര്‍ത്തിച്ചുള്ള പരാതികളെ തുടര്‍ന്നാണ് നിരോധനം നടപ്പിലാക്കുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും,’ രവീന്ദ്ര പുരി പറഞ്ഞു.

അതേസമയം നിരോധനത്തെ ഹരിദ്വാറിലെ ചില സന്ദര്‍ശകരും പിന്തുണക്കുന്നുണ്ട്.

‘ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണം, ആളുകള്‍ അതിനനുസരിച്ച് പെരുമാറുകയും വേണം. സനാതന ധര്‍മത്തിനനുസരിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്,’ ഐതിഹ്യ കഥകളുടെ ആഖ്യാതാവായ മധുസൂദന്‍ ശാസ്ത്രി പറഞ്ഞു.

content highlight: Access only to women who cover 80 percent of their body parts; Temple committees banned in Uttarakhand