ന്യൂദല്‍ഹി: സി.പി.ഐ നേതാവായിരുന്ന കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നേരിട്ടെത്തിയായിരുന്നു അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കനയ്യ കുമാറിനെ പോലുള്ളവര്‍ പാര്‍ട്ടിയില്‍ എത്തുന്നത് അഭിമാനമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഫാസിസത്തിനെതിരായ പോരാട്ടത്തിന് ഇരുവരും മുന്നില്‍ ഉണ്ടാകുമെന്നും ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അതേസമയം സാങ്കേതിക കാരണങ്ങളാല്‍ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ചേര്‍ന്നില്ല.
നേരത്തെ രാഹുല്‍ ഗാന്ധിക്കൊപ്പം ഇരുവരും ദല്‍ഹിയിലെ ഐ.ടി.ഒയിലെ രക്തസാക്ഷി പാര്‍ക്കില്‍ എത്തുകയും ഭഗത് സിംഗിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസില്‍ കനയ്യയുടെയും ജിഗ്നേഷിന്റെയും ചുമതല എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ യുവജനതയെ കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നതിനായി ഇരുവരെയും ഉപയോഗിച്ച് പ്രചാരണം നടത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
ബീഹാറില്‍ കനയ്യയ്ക്കും ഗുജറാത്തില്‍ ജിഗ്നേഷിനും ഉയര്‍ന്ന പദവി നല്‍കാനാണ് സാധ്യത. നേരത്തെ തന്നെ കനയ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ശനിയാഴ്ച ജിഗ്‌നേഷ് മേവാനി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്.
താനും കനയ്യയും സെപ്റ്റംബര്‍ 28 ന് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.