'രാഹുലിന്റേത് മനോഹരമായ നീക്കം, വിദേശപ്രതിനിധികളെ കെട്ടിപ്പിടിക്കുന്ന മോദിക്ക് ഇപ്പോള്‍ എന്താണ് പ്രശ്‌നം'; ബി.ജെ.പിയെ തള്ളി ശത്രുഘ്‌നന്‍ സിന്‍ഹ
national news
'രാഹുലിന്റേത് മനോഹരമായ നീക്കം, വിദേശപ്രതിനിധികളെ കെട്ടിപ്പിടിക്കുന്ന മോദിക്ക് ഇപ്പോള്‍ എന്താണ് പ്രശ്‌നം'; ബി.ജെ.പിയെ തള്ളി ശത്രുഘ്‌നന്‍ സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th July 2018, 4:57 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി മോദിയെ ആലിംഗനം ചെയ്തത് ഏറ്റവും മനോഹരമായ സ്‌നേഹപ്രകടനമായിരുന്നുവെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ.

ആലിംഗനം പ്രധാനമന്ത്രിയുടെ ട്രേഡ്മാര്‍ക്കാണെന്നും വിദേശപ്രതിനിധികളെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന അദ്ദേഹത്തിന് ഇപ്പോളെന്താണ് വ്യത്യാസമെന്നും സ്‌നേഹത്തോടെ ആ ആലിംഗനത്തെ സ്വീകരിക്കണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.

സ്‌നേഹത്തോടെയുള്ള കെട്ടിപ്പിടിത്തത്തിന്റെ പേരില്‍ എന്തിനാണ് ബഹളമുണ്ടാക്കുന്നതെന്നും രാഹുല്‍ യുവാക്കളുടെയും അടുത്ത തലമുറയുടെയും ഊര്‍ജ്ജസ്വലനായ നേതാവാണെന്നും സിന്‍ഹ ട്വീറ്റില്‍ പറയുന്നു.

രാഹുല്‍ഗാന്ധിയുടെ സ്‌നേഹപ്രകടനത്തിനെതിരെ മോദിയും ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. അധികാരത്തില്‍ വരാന്‍ രാഹുലിന് എന്താണ് ഇത്ര തിടുക്കമെന്നും ആലിംഗനം തന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും മോദി പ്രതികരിച്ചിരുന്നു.

രാഹുലിന്റെ നടപടി ഗൂഢാലോചനയായാണ് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി കണ്ടിരുന്നത്. മോദിയെ കെട്ടിപ്പിടിച്ച സന്ദര്‍ഭത്തില്‍ രാഹുല്‍ സൂചി വഴിയോ മറ്റോ മോദിയുടെ ശരീരത്തിലേക്ക് വിഷം കുത്തിവെച്ചേക്കാമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

തന്നെ കെട്ടിപ്പിടിക്കാന്‍ ഒരു വിഡ്ഡിയെ നമോ(മോദി) ഒരിക്കലും അനുവദിക്കരുതായിരുന്നു. റഷ്യക്കാരും വടക്കന്‍കൊറിയക്കാരുമൊക്കെ വിഷം ചേര്‍ത്ത ഒരു പ്രത്യേകതരം സൂചി ഉപയോഗിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് മോദി ആശുപത്രിയില്‍ എത്തുകയും സുനന്ദയുടെ കൈയില്‍ കണ്ടതുപോലുള്ള അതിസൂക്ഷ്മ സുഷിരങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുകയും വേണമെന്നാണ് എനിക്ക് തോന്നുന്നത്”- എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചത്.