Daily News
ഇന്ത്യയ്‌ക്കെതിരെ യുദ്ധ ഭീഷണിയുമായി ഹാഫിസ് സഈദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 22, 05:38 pm
Friday, 22nd July 2016, 11:08 pm

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ യുദ്ധ ഭീഷണിയുമായി പാകിസ്ഥാനിലെ ജമാഅത്തുദ്ദഅ്‌വ തീവ്രവാദ സംഘടന തലവന്‍ ഹാഫിസ് സഈദ്. ഒന്നുകില്‍ കാശ്മീര്‍ പ്രശ്‌നപരിഹാരത്തിനായി എസ്.എ.എസ് ഗീലാനി മുന്നോട്ടുവെച്ച നാല് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ യുദ്ധത്തെ നേരിടുക എന്നാണ് ഹാഫിസ് സഈദിന്റേതായി പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നത്.

വിഘടനവാദി നേതാവ് ആസിയ അന്ത്രാബിയുമായും കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുമായും തനിക്ക് ബന്ധമുണ്ടെന്നും ഹാഫിസ് സഈദ് തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്. 2008ലെ മുംബൈ തീവ്രവാദി ആക്രമണ കേസിന്റെ മുഖ്യ സൂത്രധാരയായിരുന്ന ആസിയ അന്ത്രാബി തന്റെ സഹോദരിയാണെന്നും വീഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മരണത്തിന് ഏതാനും ദിവസം മുന്‍പ് വാനി തന്നെ വിളിച്ചിരുന്നെന്നും തന്നോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ഹാഫിസ് പ്രസംഗത്തില്‍ പറയുന്നുണ്ട്. 2011ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സഈദ്.
ജമ്മു കാശ്മീരില്‍ നടക്കുന്ന അസ്വസ്തതകള്‍ക്കും മരണങ്ങള്‍ക്കും എതിരായി ലാഹോറില്‍ നിന്ന് ഇസ്ലാമാബാദിലേയ്ക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ ഹാഫിസ് സഈദ് പ്രസംഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.