ലോസ് ഏഞ്ചലസ്: 94ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകനെ തല്ലിയ ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്മിതിന്റെ നടപടിയില്‍ പ്രതികരിച്ച് അക്കാദമി.
അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെ വേദിയില്‍ വെച്ച് പരസ്യമായി വില്‍ സ്മിത് തല്ലിയതിലാണ് അക്കാദമി പ്രതികരിച്ചിരിക്കുന്നത്. ഒരു തരത്തിലുള്ള അക്രമവും അനുവദിച്ച് കൊടുക്കില്ല, എന്നാണ് ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവന്ന പ്രതികരണം.
”ഒരു രീതിയിലുള്ള അക്രമവും അക്കാദമി വെച്ചുപൊറുപ്പിക്കില്ല.
ഇന്ന് 94ാമത് അക്കാദമി അവാര്‍ഡ് ജേതാക്കളെ ആഘോഷിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്,” ട്വീറ്റില്‍ പറയുന്നു.
അതേസമയം വില്‍ സ്മിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കില്ലെന്ന് അവതാരകന്‍ ക്രിസ് റോക്ക് പ്രതികരിച്ചു. ലോസ് ഏഞ്ചലസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
വില്‍ സ്മിത്തിന്റെ ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കിക്കൊണ്ട് ക്രിസ് റോക്ക് സംസാരിച്ചതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇതില്‍ പ്രകോപിതനായ വില്‍ സ്മിത് വേദിയിലെത്തി അവതാരകനോട് ക്ഷോഭിക്കുകയും മുഖത്ത് തല്ലുകയും ചെയ്യുകയായിരുന്നു.
എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വൃത്തികെട്ട വായില്‍ നിന്നും മാറ്റി നിര്‍ത്തിയേക്കൂ, (keep my wife’s name out your fu**ing mouth) എന്നായിരുന്നു വേദിയിലെത്തിയ വില്‍ സ്മിത് ക്ഷോഭത്തോടെ ക്രിസ് റോക്കിനോട് പറഞ്ഞത്.
ജേഡ പിങ്കെറ്റ് സ്മിത്തിനെയും അവരുടെ തലമുടി ഷേവ് ചെയ്ത ലുക്കിനെയും കളിയാക്കുന്ന തരത്തില്‍ അവതാരകന്‍ സംസാരിച്ചതാണ് സ്മിത്തിനെ ചൊടിപ്പിച്ചത്.
അലൊപീഷ്യ എന്ന അസുഖത്തിത്തെുടര്‍ന്നാണ് താന്‍ മുടി ഷേവ് ചെയ്ത് കളഞ്ഞതെന്ന് നേരത്തെ ജേഡ പിങ്കെറ്റ് സ്മിത് പറഞ്ഞിരുന്നു. ജേഡയും ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ സന്നിഹിതയായിരുന്നു.
ഇത്തവണത്തെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയിരിക്കുന്നതും വില്‍ സ്മിത്താണ്. കിംഗ് റിച്ചാര്‍ഡ് എന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായുള്ള പ്രകടനമാണ് താരത്തിന് ആദ്യ ഓസ്‌കര്‍ നേടിക്കൊടുത്തത്.
Content Highlight: Academy Reacts on Will Smith Slapping Chris Rock at Oscars 2022 stage