കൊച്ചി: അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയതിന് 2400 രൂപ മാത്രം നല്‍കിയ കേരള സാഹിത്യ അക്കാദമിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് മാപ്പ് ചോദിച്ച് അക്കാദമി ഭാരവാഹി അശോകന്‍ ചെരുവില്‍. അക്കാദമിക്കെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ശരിയാണെന്ന് അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
യാത്രാക്കൂലിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് കേരള സാഹിത്യ അക്കാദമിയില്‍ നിന്ന് ദുരനുഭവം ഉണ്ടായതില്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു. ഈ വിഷയം അദ്ദേഹം വെളിപ്പെടുത്തിയത് ഉചിതമായെന്നും യാത്രാക്കൂലി, പ്രതിഫലം എന്നീ കാര്യങ്ങളില്‍ എഴുത്തുകാര്‍ വലിയ അവഗണനയാണ് നേരിടുന്നതെന്നും അശോകന്‍ ചെരുവില്‍ ചൂണ്ടിക്കാട്ടി.
സംഘാടകര്‍ എഴുത്തുകാരെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് ഔദാര്യം എന്ന നിലപാടോട് കൂടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കൃത്യമായി ശമ്പളവും മറ്റും നല്‍കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ എഴുത്തുകാര്‍ക്ക് മാത്രം പ്രതിഫലം നല്‍കാതിരിക്കുന്നത് വലിയ തെറ്റാണെന്നും അശോകന്‍ ചെരുവില്‍ വ്യക്തമാക്കി.
അതേസമയം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് അക്കാദമിയുടെ അധ്യക്ഷനും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍ രംഗത്തെത്തിയിരുന്നു. പൈസ വാങ്ങാതെ താന്‍ ഒരുപാട് പരിപാടികള്‍ ചെയ്തിട്ടുണ്ടെന്നും പരാതിയുണ്ടെങ്കില്‍ സെക്രട്ടറിയെ അറിയിക്കണമായിരുന്നെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
അത്തരത്തില്‍ ലഭിച്ച പരാതികളില്‍ അക്കാദമി പരിഹാരം കണ്ടിട്ടുണ്ടെന്നും തനിക്ക് ഇത്തരം വിഷയങ്ങളില്‍ കണക്ക് പറയാന്‍ അറിയില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഈ പോസ്റ്റ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സുഹൃത്ത് സി.ഐ.സി.സി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഈ വിഷയത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഫേസ്ബുക്കില്‍ എഴുതിയത്. ജനുവരി 30ന് അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ കുമാരനാശാന്റെ കരുണാകാവ്യത്തെ കുറിച്ച് സംസാരിക്കാന്‍ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ പ്രസംഗിക്കുകയും ചെയ്തു. എന്നാല്‍ പ്രഭാഷണം നടത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നല്‍കിയത് വെറും 2400 രൂപയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlight: Academy office bearer Asokan Cheruvil apologized to Balachandran Chullikad