ചെയര്‍മാന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു, ഇത് വരിക്കാശ്ശേരി മനയല്ല; രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി അംഗങ്ങള്‍
Entertainment news
ചെയര്‍മാന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു, ഇത് വരിക്കാശ്ശേരി മനയല്ല; രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി അംഗങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th December 2023, 3:43 pm

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. രഞ്ജിത്ത് ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും അക്കാദമിയില്‍ ജനാധിപത്യമില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. മുണ്ടിന്റെ കോന്തലയും പിടിച്ച് ആറാം തമ്പുരാനായി ചെയര്‍മാന്‍ ഇതുവഴി ഇങ്ങനെ നടക്കുന്നതുകൊണ്ടല്ല ഫെസ്റ്റിവല്‍ ഇങ്ങനെ നടക്കുന്നതെന്നും ഇത് വരിക്കാശ്ശേരി മനയല്ലെന്നും അംഗങ്ങള്‍ പറഞ്ഞു. രഞ്ജിത്ത് സ്വയം തിരുത്താന്‍ തയാറാവണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ പുറത്താക്കണമെന്നും അക്കാദമി അംഗം മനോജ് കാന മാധ്യമങ്ങളോട് പറഞ്ഞു.

‘സെക്രട്ടിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മറ്റ് സ്റ്റാഫുകളും ഞങ്ങളെല്ലാവരും ജോലി ചെയ്താണ് ഐ.എഫ്.എഫ്.കെ നടത്തുന്നത്. മുണ്ടിന്റെ കോന്തലയും പിടിച്ച് ആറാം തമ്പുരാനായി ഇതുവഴി ഇങ്ങനെ നടക്കുന്നതുകൊണ്ടാണ് ഈ ഫെസ്റ്റിവല്‍ ഇങ്ങനെ നടക്കുന്നതെന്നാണ് ചെയര്‍മാന്റെ വിചാരം. അദ്ദേഹം അസ്ഥാനത്ത് വലിയ അസംബന്ധങ്ങളും വിവരക്കേടും വിളിച്ച് പറയുന്നു.

സിനിമ ഒരു കല എന്ന നിലയില്‍ വളര്‍ത്തുക എന്നുള്ളത് അക്കാദമിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് അക്കാദമിയെ തന്നെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തുന്നു. പല രീതിയില്‍ സൗഹാര്‍ദപൂര്‍വം അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതൊന്നും നടന്നില്ല. ആര്‍ടിസ്റ്റുകളെ വളരെ മോശമായും മ്ലേച്ഛമായും രഞ്ജിത്ത് അവഹേളിക്കുന്നു. ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷനല്ല, ചലച്ചിത്ര അക്കാദമിയാണ്.

കുക്കു പരമേശ്വരന്‍ മീറ്റിങ്ങില്‍ പങ്കെടുത്തില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അവര്‍ സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുകയാണ്. അറിയിക്കേണ്ടവരെ അവര്‍ അറിയിച്ചിരുന്നു. ചെയര്‍മാന്‍ അവരെ ഏകപക്ഷീയമായി വിളിച്ച് പറഞ്ഞത്, നിങ്ങളുടെ സേവനം ഇനി മേളക്ക് ആവശ്യമില്ലെന്നാണ്, കൂടിയാലോചനയോ ജനാധിപത്യമോ ഇല്ല.

അക്കാദമിക്ക് ബൈലോ ഉണ്ട്. അതിനനുസരിച്ചാണ് എക്‌സിക്യൂട്ടീവിലേക്ക് ആളെ എടുക്കുന്നത്. ചെയര്‍മാന് അതില്‍ തീരുമാനമെടുക്കാനാവില്ല. പത്ര സമ്മേളനം നടത്തുന്നതിന് മുമ്പ് ഞങ്ങളോട് സംസാരിക്കാന്‍ ചെയര്‍മാന്‍ തയാറായില്ല. ധിക്കാരപരമായി സംസാരിക്കുകയാണ്.

ചെയര്‍മാന്‍ സര്‍ക്കാരിന് തന്നെ അപകീര്‍ത്തിയുണ്ടാക്കുന്നു. ഞങ്ങള്‍ അക്കാദമിക്കോ ചെയര്‍മാനോ എതിരല്ല, ചെയര്‍മാന്റെ മാടമ്പിത്തരത്തിന് എതിരായാണ് നില്‍ക്കുന്നത്. ഒന്നുങ്കില്‍ അദ്ദേഹം തിരുത്തണം, അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. ചെയര്‍മാന്‍ നടത്തുന്ന അഭിമുഖങ്ങള്‍ക്ക് ഞങ്ങള്‍ കൂടി മറുപടി പറയേണ്ടി വരുന്നു,’ മനോജ് കാന പറഞ്ഞു.

Content Highlight: Academy General Council members strongly Ranjith