കാസര്‍ഗോഡ് സര്‍വകലാശാല അധ്യാപകന്‍ പ്രസാദ് പന്ന്യന്റെ സസ്‌പെന്‍ഷന്‍: രാഷ്ട്രപതിക്ക് ആയിരത്തിലധികം അക്കാദമിക്കുകള്‍ ഒപ്പിട്ട ഭീമഹരജി
Kerala News
കാസര്‍ഗോഡ് സര്‍വകലാശാല അധ്യാപകന്‍ പ്രസാദ് പന്ന്യന്റെ സസ്‌പെന്‍ഷന്‍: രാഷ്ട്രപതിക്ക് ആയിരത്തിലധികം അക്കാദമിക്കുകള്‍ ഒപ്പിട്ട ഭീമഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th October 2018, 7:10 pm

ന്യൂദല്‍ഹി: കേരളകേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠനവകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സര്‍കലാശാല അധ്യാപകരുടെ കത്ത്. വിദേശരാജ്യങ്ങളില്‍ നിന്നടക്കം 1100 അധ്യാപകര്‍ ഒപ്പിട്ട കത്താണ് രാഷ്ട്രപതിക്ക് നല്‍കിയിരിക്കുന്നത്.

സര്‍വകലാശാലയില്‍ നടന്ന ചെറിയ സംഭവത്തിന്റെ പേരില്‍ ദിവസങ്ങളോളം ജയിലിലിട്ട ദളിത് വിദ്യാര്‍ത്ഥിയെ പിന്തുണച്ചതിന്റെ പേരിലാണ് പ്രസാദ് പന്ന്യനെതിരെ നടപടിയെടുത്തത്. സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് തന്റെ ഭാഗം വിശദീകരിക്കുന്നതിന് പോലും അദ്ദേഹത്തിന് അവസരം നല്‍കിയില്ല. സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് നടപടിയെന്നും കത്തില്‍ പറയുന്നു.

രാജ്യത്ത് അക്കാദമിക ബൗദ്ധിക സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പതിവായിരിക്കുകയാണ് ഇതിന്റെ ഭാഗമായി വേണം പ്രസാദ് പന്ന്യനെതിരായ നടപടിയെ കാണാനെന്നും അദ്ധ്യാപകരുടെ കത്ത് പറയുന്നു. സര്‍വകലാശാല വിസിറ്റര്‍ എന്ന നിലയ്ക്ക് പ്രശ്‌നത്തില്‍ ഇടപെട്ട് അധ്യാപകനെതിരെ അച്ചടക്ക നടപടി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അക്കാദമിക്കുകള്‍ സമര്‍പ്പിച്ച കത്ത് പറയുന്നു.