| Saturday, 26th November 2022, 7:39 pm

മകനോടുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ നടപടികള്‍ മടുപ്പിക്കുന്ന വിഡ്ഢിത്തം; ജയില്‍ മോചിതനായാല്‍ അബ്ദുല്‍ ഫത്താഹ് വിദേശത്തേക്ക് പോകണം; ലൈല സൂയിഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ജയിലിലടച്ച ആക്ടിവിസ്റ്റ് അലാ അബ്ദുല്‍ ഫത്താഹിന്റെ മോചനത്തിന് വേണ്ടി കാത്തിരുന്ന് കുടുംബം. ജയില്‍ മോചിതനായില്‍ അലാ വിദേശത്തേക്ക് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അമ്മയും പ്രശസ്ത ഗവേഷകയുമായ ലൈല സൂയിഫ് പറഞ്ഞു. ബ്രിട്ടീഷ് പൗരന്‍ കൂടിയാണ് അബ്ദുല്‍ ഫത്താഹ്.

‘അലായെ ഉടനടി മോചിപ്പിക്കണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ അതേകുറിച്ച് നെഗറ്റീവോ പോസിറ്റീവോ ആയ എന്തെങ്കിലും വിവരങ്ങളോ പ്രതീക്ഷകളോ എന്റെ പക്കലില്ല,’ അറബ് 21ന് നല്‍കിയ പ്രതികരണത്തില്‍ ലൈല സൂയിഫ് പറഞ്ഞു.

2011ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തില്‍ പ്രധാനിയായിരുന്ന അബ്ദുല്‍ ഫത്താഹിനെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പല തവണയായി എട്ട് വര്‍ഷത്തോളം ഈജിപ്ഷ്യന്‍ ഭരണകൂടം ജയിലിലടച്ചിരുന്നു. 2021 ഡിസംബറിലായിരുന്നു ഏറ്റവുമൊടുവില്‍ അറസ്റ്റ് ചെയ്തത്.

‘തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു’ എന്ന് ആരോപിച്ചായിരുന്നു ഈ അറസ്റ്റ്. അഞ്ച് വര്‍ഷത്തേക്കായിരുന്നു തടവിന് വിധിച്ചത്. ഒരു റീട്വീറ്റടക്കമുള്ള കാര്യങ്ങളായിരുന്നു ഫത്താഹിനെതിരെ നടപടിയെടുക്കാനായി ഹാജരാക്കിയിരുന്നത്.

ജയില്‍ മോചനം ആവശ്യപ്പെട്ടുകൊണ്ട് അബ്ദുല്‍ ഫത്താഹ് നടത്തിയ സമരം ലോകശ്രദ്ധ നേടിയിരുന്നു. ഏപ്രിലിലായിരുന്നു അദ്ദേഹം നിരാഹാര സമരം ആരംഭിച്ചത്. ഒരു ദിവസം 100 കലോറികള്‍ മാത്രം കഴിച്ചുകൊണ്ടായിരുന്നു ആദ്യ ഘട്ടങ്ങളില്‍ ഈ സമരം.

പിന്നീട് നവംബറില്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടി ഈജിപ്തില്‍ വെച്ച് നടന്നപ്പോള്‍ സമരം കൂടുതല്‍ ശക്തമാക്കുകയും വെള്ളം പോലും ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിരന്തരമായ ഇടപെടലുകളെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് ഫത്താഹിന്റെ തടുവും നിരാഹാരസമരവും ലോകശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഈജിപ്ഷ്യന്‍ ഭരണകൂടം അദ്ദേഹത്തിനെ പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല.

അതേസമയം ഏഴ് മാസം നീണ്ട സമരം കഴിഞ്ഞ ആഴ്ച ഫത്താഹ് അവസാനിപ്പിച്ചതായി ചില വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ജയിലില്‍ നിന്നും അബ്ദുല്‍ ഫത്താഹ് കുടുംബാംഗങ്ങള്‍ക്ക് അയച്ച കത്തിലായിരുന്നു ഇതേ കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹത്തെ നേരിട്ട് കണ്ട ശേഷം മാത്രമേ ഇക്കാര്യം വിശ്വസിക്കുകയുള്ളുവെന്നായിരുന്നു കുടുംബാംഗങ്ങളുടെ പ്രതികരണം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അബ്ദുല്‍ ഫത്താഹിനെതിരെയുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമായതായി ലൈല സൂയിഫ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘ഇത്തരത്തിലുള്ള ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളും പുതിയ കാര്യമല്ല. ഈ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരോട് കടുത്ത എതിര്‍പ്പ് തോന്നുന്നതിനൊപ്പം ഇടക്കൊക്കെ സഹതാപവും എനിക്ക് തോന്നാറുണ്ട്. ചിലപ്പോഴൊക്കെ ഇതെന്തൊരു തമാശയാണെന്നും തോന്നാറുണ്ട്. ഒരു തരം മടുപ്പിക്കുന്ന വിഢ്ഡിത്തമാണത്,’ ലൈല സൂയിഫ് പറഞ്ഞു.

Content Highlight: Academician Laila Soueif, Mother of activist Alaa Abd El-Fattah wants him to abroad once released

We use cookies to give you the best possible experience. Learn more