സുനില്‍ പി. ഇളയിടത്തിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: കാര്യകാരണങ്ങള്‍ നിരത്തി അക്കാദമിക്കുകളുടെ സംയുക്ത പ്രസ്താവന
Kerala News
സുനില്‍ പി. ഇളയിടത്തിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: കാര്യകാരണങ്ങള്‍ നിരത്തി അക്കാദമിക്കുകളുടെ സംയുക്ത പ്രസ്താവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 2:54 pm

 

സുനില്‍ പി. ഇളയിടത്തിനെതിരെ രവിശങ്കര്‍ എസ്. നായര്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പിന്‍വലിക്കണം; അക്കാദമിക ഗവേഷണ രംഗത്ത് ഇത്രമേല്‍ ഉത്തരവാദ രഹിതമായി നടത്തുന്ന ഇടപെടലുകളെ ഞങ്ങള്‍ അപലപിക്കുന്നു.

പ്രഫ. കെ.എന്‍ പണിക്കര്‍, ഡോ. കെ. സച്ചിതാനന്ദന്‍, പ്രഫ. കേശവന്‍ വെളുത്താട്ട്, പ്രഫ സി രാജേന്ദ്രന്‍, പ്രഫ സ്‌കറിയ സക്കറിയ, പ്രഫ. ഇ.വി രാമകൃഷ്ണന്‍, പ്രഫ. പി.പി രവീന്ദ്രന്‍, പ്രഫ. കെ.എന്‍ ഗണേഷ്, പ്രഫ. ഉദയകുമാര്‍, പ്രഫ.കെ.എന്‍ കൃഷ്ണന്‍, പ്രഫ. സനല്‍ മോഹന്‍, പ്രഫ. കെ.എം സീദി, പ്രഫ. മീന ടി. പിള്ള, ഡോ. കവിതാ ബാലകൃഷ്ണന്‍, പ്രഫ. എന്‍.വി നാരായണന്‍, പ്രഫ. ടി.വി മധു എന്നിവര്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല അധ്യാപകന്‍ സുനില്‍ പി. ഇളയിടത്തിനെതിരെ രവിശങ്കര്‍ എസ്. നായര്‍ അടിസ്ഥാനരഹിതമായും വ്യക്തിഹത്യയ്ക്കു മുന്‍തൂക്കം നല്‍കുന്നതുമായ പകര്‍പ്പുരചനാ ആക്ഷേപം ഉന്നയിച്ച് രംഗത്തുവരികയുണ്ടായി. സാഹിത്യവിമര്‍ശം എന്ന മാസികയിലും തുടര്‍ന്ന് നവംബര്‍ ആദ്യവാരം നിരവധി ഫേസ്ബുക്ക് പോസ്റ്റുകളിലുമായി അവതരിപ്പിക്കപ്പെട്ട ഈ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന അക്കാദമിക ഗവേഷണ രീതിശാസ്ത്രത്തിന്റെയോ ലേഖന രചനാരീതികളുടെയോ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി നോക്കിയാല്‍ അടിസ്ഥാനരഹിതമാണ് എന്ന് കാണാം.

സുനില്‍ തന്നെ ഒരു ലേഖനത്തിന്റെ 80% വും ഒരു പുസ്തകത്തില്‍ നിന്ന് കടപ്പാടില്ലാതെ പകര്‍ത്തിയതാണെന്ന് സ്ഥാപിക്കാന്‍ രവിശങ്കര്‍ ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങളും അതിന് ആസ്പദമാക്കുന്ന വാദങ്ങളും തികച്ചും വസ്തുതാവിരുദ്ധവും ദുരുപദിഷ്ടിതവുമാണ്. താഴെപ്പറയുന്ന വിശദീകരണങ്ങളുടെ പിന്‍ബലത്തിലും സുനില്‍ അക്കാദമിക രചനാ ജീവിതത്തിലുമുള്ള കൃതഹസ്തത നേരിട്ടറിയാവുന്നതിന്റെ അടിസ്ഥാനത്തിലും ഞങ്ങള്‍ മേല്‍പ്പറഞ്ഞ ആക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നും ഇത്തരമൊരു വിലകുറഞ്ഞ ആക്ഷേപ നീക്കം നടത്തിയതില്‍ രവിശങ്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. അനുഭൂതികളുടെ ചരിത്രജീവിതം എന്ന ഗ്രന്ഥത്തിലെ ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍: ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും എന്ന പ്രബന്ധത്തെ (പുറം 115- 168) മുന്‍നിര്‍ത്തിയാണല്ലോ മുഖ്യമായും ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഈ ആരോപണത്തിലെ വാദങ്ങള്‍ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട്.

Also Read:ശമ്പളം വാങ്ങുന്നത് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍; ജോലി ചെയ്യുന്നത് ലീഗ് ഓഫീസില്‍: യു.ഡി.എഫിലും നിയമന വിവാദം

1. ആശയങ്ങള്‍ അതേപടി സ്വീകരിച്ചുവെന്ന് ആരോപണത്തില്‍ ഉന്നയിച്ചിരിക്കുന്ന ദവേഷ് സൊണേജിയുടെ പ്രബന്ധത്തോട് സുനിലിന്റെ പഠനത്തില്‍ 16 ഇടങ്ങളില്‍ കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. (പുറം 117, 118, 121, 130, 131, 132, 133, 134, 142, 153, 154, 155, 158, 159 എന്നീ പുറങ്ങള്‍) ചില പേജുകളില്‍ (134, 158) ഒന്നിലധികം ദവേഷ് സോണേജിയുടെ ഗ്രന്ഥത്തോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്രോതസ്സു മറച്ചുവെച്ച് സോണേജിയുടെ ആശയങ്ങള്‍ മോഷ്ടിച്ചുവെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.

2. സോണേജിയെ കൂടാതെ നൃത്ത പഠന മേഖലയിലെ പ്രധാനപ്പെട്ട ഒട്ടനവധി പണ്ഡിതരെ താന്‍ ആശ്രയിച്ചിട്ടുള്ള കാര്യവും സുനില്‍ തന്റെ പ്രബന്ധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരതനാട്യ പഠന മേഖലയിലെ പ്രമുഖ പണ്ഡിതനായ ഇന്ദിരാ പീറ്റേഴ്‌സണ്‍, ജാനറ്റ് ഷിയ, കബിലാ വാത്സ്യായന്‍, അവന്തി മേദുരി, ആന്‍മേരി ഗ്യാസ്റ്റന്‍, ഡോ. വി. രാഘവന്‍, സുനില്‍ കോത്താരി, പല്ലവി ചക്രവര്‍ത്തി, അമര്‍ ശ്രീനിവാസന്‍, തെരേസ ക്യൂബല്‍, ഇ. കൃഷ്ണയ്യര്‍, ഇന്ദിരാമേനോന്‍, കാരിയേറ്റ് ലിന്‍ഡന്‍, മാത്യു അലന്‍, രുഗ്മണിദേവീ അരുണ്ഡേല്‍, ബാലസരസ്വതി, പത്മാ സുബ്രഹ്മണ്യന്‍, ലീല സാംസണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരേയും സാമൂഹ്യശാസ്ത്ര സാംസ്‌കാരിക ചരിത്ര ചിന്തകരായ പാര്‍ത്ഥ ചാറ്റര്‍ജി, സുമിത് സര്‍ക്കാര്‍, ഷെറീന്‍ രത്‌നാകര്‍, വാള്‍ട്ടര്‍ ബെഞ്ചമിന്‍, ജൂഡിത് ബട്‌ലര്‍ തുടങ്ങിയവരേയും താന്‍ ആശ്രയിച്ചിട്ടുള്ള കാര്യം സ്രോതസ്സിന്റെ എല്ലാ വിവരങ്ങളും (എഴുത്തുകാര്‍, വര്‍ഷം, പേര്, പുറം എന്നിവ) സഹിതം പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്‍പതു പേജു ദൈര്‍ഘ്യം വരുന്ന തന്റെ പഠനത്തില്‍ 87 ഇടങ്ങളില്‍ തന്റെ സ്രോതസ്സുകളും അവയോടുള്ള കടപ്പാടും സുനില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

3. ഇതോടൊപ്പം ഈ പ്രബന്ധത്തില്‍ നല്‍കിയിട്ടുള്ള 55 അടിക്കുറിപ്പുകളില്‍ പലതിനും താന്‍ ആശ്രയിച്ച സോഴ്‌സുകളെക്കുറിച്ചുള്ള തുടര്‍ചര്‍ച്ചകളും അതിലെ ആശയങ്ങളുടെ വിശദീകരണങ്ങളുമാണ് ഉള്ളത്.

4. ഇങ്ങനെ റഫറന്‍സുകള്‍, അടിക്കുറിപ്പുകള്‍, ഗ്രന്ഥസൂചി എന്നിവയെ മുന്‍നിര്‍ത്തി നോക്കിയാല്‍ തന്റെ സ്രോതസ്സുകളോ അവയോടുള്ള കടപ്പാടോ ഏതെങ്കിലും നിലയ്ക്ക് മറച്ചുവെക്കാന്‍ സുനില്‍ പ്രബന്ധത്തില്‍ ശ്രമിച്ചിട്ടേയില്ലയെന്നത് പകല്‍ പോലെ വ്യക്തമാണ്.

5. ഇതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു കാര്യം തന്റെ പഠനത്തിന്റെ സ്വഭാവത്തെക്കുറിച്ച് സുനില്‍ തന്നെ ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ നല്‍കുന്ന വിശദീകരണമാണ്. നാല് വസ്തുതകള്‍ അവിടെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. മൂലകൃതികളെ ആശയങ്ങള്‍ സ്വീകരിക്കുന്ന ഓരോ സ്ഥാനത്തും അത് പ്രത്യേകം സൂചിപ്പിക്കാത്തതിന്റെ കാരണവും ആ വിശദീകരണത്തിലുണ്ട്.

സ്വതന്ത്രവും മൗലികവുമായ ഗവേഷണ പ്രബന്ധങ്ങളല്ല ഇവ. പ്രാഥമിക സ്രോതസ്സുകളില്‍ നിന്നും തെളിവുകണ്ടെത്തി നിഗമനങ്ങള്‍ അവതരിപ്പിക്കുന്നതടക്കമുള്ള ഗവേഷണ പഠനങ്ങളുടെ രീതിശാസ്ത്രം ഇതില്‍ പിന്തുടര്‍ന്നിട്ടില്ല.

നൃത്ത സംഗീത മേഖലയിലെ സമകാലിക പഠനങ്ങളിലെ അറിവുകളും ആശയങ്ങളും മലയാളത്തില്‍ അവതരിപ്പിക്കുകയെന്ന പരിമിതമായ കാര്യമേ ഈ പ്രബന്ധങ്ങള്‍ നിര്‍വഹിക്കുന്നുള്ളൂ.

ഇംഗ്ലീഷിലും മറ്റുമുള്ള നൃത്തസംഗീത പഠനങ്ങളിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ അവയെ ചില സവിശേഷ പ്രമേയങ്ങളുമായി കൂട്ടിയിണക്കി വ്യാഖ്യാനിക്കാനും വിപുലീകരിക്കാനും ഈ പഠനങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്.

നൃത്തവും സംഗീതവും കേരളത്തില്‍ ധാരാളമായി പരിശീലിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ആശയങ്ങള്‍ മിക്കവാറും മതാത്മകമായിത്തന്നെ ഇവിടെ തുടരുന്നതുകൊണ്ടാണ് ഈ മേഖലയിലെ സാമൂഹ്യശാസ്ത്ര-സാംസ്‌കാരിക പഠനങ്ങളെയും അവയിലെ ആശയങ്ങളെയും ഈ രൂപത്തില്‍ മലയാളത്തില്‍ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഇങ്ങനെ തന്റെ പഠനലക്ഷ്യവും അതിന്റെ പരിമിതസ്വഭാവവും വ്യക്തമാക്കിക്കൊണ്ടും അതിനാശ്രയിച്ച ഗ്രന്ഥങ്ങളുടെയും ഇതര സ്രോതസ്സുകളുടെയും മുഴുവന്‍ വിവരങ്ങളും നല്‍കിക്കൊണ്ടുമാണ് സുനില്‍ തന്റെ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. താന്‍ ആശ്രയിച്ച പ്രബന്ധങ്ങളിലെ ആശയങ്ങള്‍ തന്റെ പഠനത്തില്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നുണ്ട് എന്ന് സുനില്‍ തന്നെ മറയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ സമകാലിക വൈജ്ഞാനികപരിസരം ആവശ്യപ്പെടുന്നതും, ഇവിടെ ദീര്‍ഘകാലമായി നിലനിന്നുപോരുന്നതുമായ വിജ്ഞാന വിനിമയരീതിയുടെ തുടര്‍ച്ചയിലാണ് സുനിലിന്റെ ഈ പഠനങ്ങള്‍ നിലകൊള്ളുന്നത്. പ്രാഥമികമായി അത് മലയാളത്തിന്റെ വൈജ്ഞാനികശേഷിയെ വികസിപ്പിക്കാനുള്ള ശ്രമമാണ്. മലയാളഭാഷയുടെ ചരിത്രസന്ദര്‍ഭത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും ഇനിയും നിലനില്‍ക്കേണ്ടതുമായ വഴിയിലാണ് സുനിലിന്റെ പ്രബന്ധവും നിലയുറപ്പിക്കുന്നത് എന്ന് ഞങ്ങള്‍ കരുതുന്നു.

Also Read:“ഇന്ത്യന്‍ മുസ്‌ലീങ്ങളെ കാത്തിരിക്കുന്നത് മോശം ദിവസങ്ങള്‍; ഇനിയെങ്കിലും ഈ അട്ടകളില്‍ നിന്നും മോചനം നേടിയില്ലെങ്കില്‍…” മുന്നറിയിപ്പുമായി കട്ജു

മലയാളം പോലൊരു ഭാഷയെ സംബന്ധിക്കുന്ന ഒരു പ്രധാന കാര്യം അത് അറിവുകളും ആശയങ്ങളും വലിയതോതില്‍ പുറത്തുനിന്ന് സ്വീകരിച്ച് നിലനില്‍ക്കുകയും വളരുകയും ചെയ്യുന്ന ഭാഷയാണ് (recipient language) എന്നതാണ്. മലയാളഭാഷയിലെ വൈജ്ഞാനികവ്യവഹാരങ്ങളെ ഇതരഭാഷകള്‍ക്കും അവയിലെ വിജ്ഞാനവ്യവസ്ഥകള്‍ക്കും സമാനമായ നിലയില്‍ എത്തിക്കണമെങ്കില്‍ വിവിധ വിഷയങ്ങളിലും ഭാഷകളിലും നിന്നുള്ള അറിവും ആശയങ്ങളും ഇവിടേക്ക് കൊണ്ടുവരേണ്ടിവരും. ഇതിനുള്ള ഒരു വഴി വിവര്‍ത്തനമാണ്. സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ കാര്യത്തില്‍ സ്വീകാര്യമായ വഴി അതുതന്നെയാണ് താനും. എന്നാല്‍ സൈദ്ധാന്തികവിജ്ഞാനത്തിന്റെയോ വിമര്‍ശനാത്മക വ്യവഹാരങ്ങളുടെയോ കാര്യം അങ്ങനെയല്ല. മലയാളത്തില്‍ നിലവിലുള്ള വിജ്ഞാനത്തെയും അതിന്റെ വ്യവഹാരസ്വഭാവത്തെയും കേന്ദ്രമായി പരിഗണിച്ചുകൊണ്ടുള്ള ഒരു മാദ്ധ്യസ്ഥം (mediation) വഴിയേ ഇത് കേരളീയ വായനാസമൂഹത്തിന് സ്വീകാര്യമായ രൂപത്തില്‍ അവതരിപ്പിക്കാനാകൂ. മലയാളത്തിലെ ദീര്‍ഘകാല വിജ്ഞാനവ്യവഹാരചരിത്രത്തില്‍ നാം കാണുന്നതും അത്തരം മാദ്ധ്യസ്ഥങ്ങളാണ്. കേസരി ബാലകൃഷ്ണപിള്ള, സഞ്ജയന്‍, ഡോ. ഭാസ്‌കരന്‍നായര്‍, പി. ഗോവിന്ദപ്പിളള തുടങ്ങിയവര്‍ വഴി നിലവില്‍ വന്ന അത്തരം വിജ്ഞാനവിനിമയത്തിന്റെ സുദീര്‍ഘമായ ഒരു ചരിത്രം തന്നെ നമുക്കു മുന്നിലുണ്ട്. മലയാളപഠനമേഖലയിലെന്നപോലെ ഇതര ജ്ഞാനശാഖകളിലും നമുക്കിത് കാണാനാകും. തീര്‍ത്തും അക്കാദമികവും ശുദ്ധവുമായ ശാസ്ത്രപ്രസാധനവും ജനപ്രിയ ശാസ്ത്രപ്രസാധനവും തമ്മിലുള്ള വ്യത്യാസത്തിന് സദൃശമായ ഒന്നുതന്നെയാണിത്. ശാസ്ത്രം, സാമൂഹ്യവിജ്ഞാനം എന്നീ പഠനമേഖലകള്‍ ഒരേ തരത്തിലുള്ളവയല്ലെങ്കിലും ഇക്കാര്യത്തില്‍ രണ്ടിടത്തേയും താല്പര്യം ഒന്നുതന്നെയാണ് എന്നുപറയാം. പുതിയ കണ്ടെത്തലുകള്‍ നടത്തുകയും വിജ്ഞാനമേഖലകള്‍ക്ക് അടിത്തറയൊരുക്കുകയുമാണ് ശുദ്ധശാസ്ത്രത്തിന്റെയും മൗലികഗവേഷണത്തിന്റെയും ലക്ഷ്യം. രണ്ടാമത്തേതിലാകട്ടെ പുതിയ അറിവുകളെയും വിജ്ഞാനമേഖലയിലെ വികാസങ്ങളെയും വിപുലമായ ഒരു വായനാസമൂഹത്തിലേക്ക് എത്തിക്കുക എന്നതും.

ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടതാണ് സുനിലിന്റെ ഗ്രന്ഥം. തന്റേത് പ്രാഥമിക സ്രോതസ്സുകളെ ആശ്രയിക്കുന്ന മൗലിക ഗവേഷണപഠനമല്ലെന്ന് ആമുഖത്തില്‍ സുനില്‍ സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. നൃത്ത-സംഗീതപഠനമേഖലയിലെ വ്യത്യസ്തമായ സമീപനരീതികള്‍ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം എന്നും സുനില്‍ വിശദീകരിച്ചിട്ടുണ്ട്. മതപരവും ആദര്‍ശാത്മകവുമായ സമീപനരീതികള്‍ക്കപ്പുറത്തേക്ക് ഇത്തരം കലാമേഖലകളിലെ പഠനങ്ങളെ കൊണ്ടുപോകാനുള്ള ശ്രമമാണത്. ഒരേസമയം ചരിത്രപരവും സാംസ്‌കാരികവുമായ ശ്രമമാണ് സുനില്‍ നടത്തുന്നത്. കലാരൂപങ്ങളെ അവയുടെ സാമൂഹികവും ചരിത്രപരവുമായ സന്ദര്‍ഭങ്ങളില്‍ പ്രതിഷ്ഠിക്കുക എന്നതാണ് ആ ശ്രമത്തിന്റെ കാതലായ ഭാഗം. ഈ സ്വഭാവത്തിലുള്ള സമകാലിക പഠനങ്ങള്‍ ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കി വിപുലീകരിച്ച് മലയാളവായനാസമൂഹത്തിന് ലഭ്യമാക്കുകയാണ് സുനില്‍ ചെയ്യുന്നത്. അത്തരം പഠനങ്ങളെ ഗവേഷണ പ്രബന്ധങ്ങളുടെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിലയിരുത്തുന്നതില്‍ യാതൊരു നീതീകരണവുമില്ല. അതേസമയം തന്നെ താന്‍ ആശ്രയിച്ച സ്രോതസ്സുകള്‍ പരമാവധി സൂചിപ്പിക്കുന്ന കാര്യത്തില്‍ ഈ പ്രബന്ധങ്ങളില്‍ സുനില്‍ അങ്ങേയറ്റത്തെ കൃത്യത കാണിച്ചിട്ടുമുണ്ട്. പലപ്പോഴും ആവശ്യമായതിലധികം എന്നുപറയാവുന്നത്ര റഫറന്‍സ് ഈ പ്രബന്ധങ്ങളില്‍ നല്‍കിയിട്ടുണ്ട്. ആവശ്യമുള്ള ആര്‍ക്കും അടിസ്ഥാനസ്രോതസ്സുകളിലേക്ക് അതുവഴി ചെന്നെത്താന്‍ കഴിയും. ആ നിലയില്‍ സുനിലിന്റെ പഠനം അങ്ങേയറ്റം ഉത്തരവാദിത്തമുള്ള ദ്വിതീയ/പരിചായക (secondary/introductory) രചനയാണ്. മലയാളത്തില്‍ ഈ മേഖലയില്‍ പഠനഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അത്യന്തം പ്രയോജനപ്രദമായ ഒന്നുമാണത്.

ഇങ്ങനെ മലയാളത്തിലെ വൈജ്ഞാനികജീവിതത്തെ വികസ്വരമാക്കുന്ന ദ്വിതീയ സാഹിത്യമായാണ് (secondary literature) സുനില്‍ തന്റെ പ്രബന്ധം അവതരിപ്പിച്ചിരിക്കുന്നത്. ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ സുനില്‍ തന്നെ വ്യക്തമായി അത് പറയുന്നുമുണ്ട്. ഇത്തരം പഠനങ്ങള്‍ മലയാളത്തിന്റെ വിജ്ഞാനവികാസത്തിന് അനിവാര്യമാണ് താനും. അവയെ മുന്‍നിര്‍ത്തി സാഹിത്യമോഷണം ആരോപിക്കുന്നത് അങ്ങേയറ്റത്തെ അസംബന്ധമാണ്. നമ്മുടെ വിജ്ഞാനചരിത്രത്തിന് എന്തെങ്കിലും ഗുണം ചെയ്യുന്നതല്ല ഇത്തരമൊരു വ്യക്തിഹത്യാശ്രമം. അക്കാദമികമണ്ഡലത്തില്‍ ഇത്രമേല്‍ ഉത്തരവാദരഹിതമായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന രീതിയെ ഞങ്ങള്‍ അപലപിക്കുകയും സുനില്‍ പി. ഇളയിടത്തിന്റെ ഈ പ്രബന്ധത്തെയും ഇതരപ്രബന്ധങ്ങളെയും അവ പുലര്‍ത്തുന്ന അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ മാനിക്കുകയും ചെയ്യുന്നു.

പ്രൊഫ. കെ.എന്‍. പണിക്കര്‍ (മുന്‍ വൈസ് ചെയര്‍മാന്‍, കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, മുന്‍ വൈസ്ചാന്‍സിലര്‍, ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല, കാലടി).
ഡോ. കെ. സച്ചിദാനന്ദന്‍ (മുന്‍ സെക്രട്ടറി, കേന്ദ്രസാഹിത്യ അക്കാദമി, ദല്‍ഹി)
പ്രൊഫ. കേശവന്‍ വെളുത്താട്ട് (മുന്‍ ഫാക്കല്‍റ്റി, ചരിത്രവിഭാഗം, ദല്‍ഹി സര്‍വകലാശാല)
പ്രൊഫ. സി. രാജേന്ദ്രന്‍ (മുന്‍ ഡീന്‍ ഓഫ് ലാംഗ്വേജസ്, കോഴിക്കോട് സര്‍വകലാശാല)
പ്രൊഫ. സ്‌കറിയാ സക്കറിയ (മുന്‍ വകുപ്പധ്യക്ഷന്‍, മലയാളവിഭാഗം, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലടി)
പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍ (ഡീന്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്ത്)
പ്രൊഫ. പി. പി. രവീന്ദ്രന്‍ (മുന്‍ ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ്, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം)
പ്രൊഫ. കെ.എന്‍. ഗണേഷ് (മുന്‍ വകുപ്പധ്യക്ഷന്‍, ചരിത്രവിഭാഗം, കോഴിക്കോട് സര്‍വകലാശാല)
പ്രൊഫ. ഉദയകുമാര്‍ (ഇംഗ്ലീഷ് വകുപ്പധ്യക്ഷന്‍, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ദല്‍ഹി)
പ്രൊഫ. കെ.എം. കൃഷ്ണന്‍ (ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ്, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം)
പ്രൊഫ. സനല്‍ മോഹന്‍ (സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം)
പ്രൊഫ. കെ.എം. സീതി (സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം)
പ്രൊഫ. മീന ടി. പിളള (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള യൂണിവേഴ്സിറ്റി, തിരുവനന്തപുരം)
ഡോ. കവിത ബാലകൃഷ്ണന്‍ (കോളേജ് ഓഫ്, ഫൈന്‍ ആട്സ്, തൃശൂര്‍)
പ്രൊഫ. എം.വി. നാരായണന്‍ (ഫെലോ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, സിംല)
പ്രൊഫ. ടി.വി. മധു (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിലോസഫി, കോഴിക്കോട് സര്‍വകലാശാല)