| Tuesday, 7th January 2025, 10:41 am

വൈസ് ചാന്‍സിലറാകാന്‍ അക്കാദമിക് വൈദഗ്ദ്യം ആവശ്യമില്ല; നിയമനത്തിനുള്ള പൂര്‍ണ അധികാരം ചാന്‍സിലര്‍ക്ക്; യു.ജി.സി കരട് രേഖ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വൈസ് ചാന്‍സിലറാകാന്‍ അക്കാദമിക് വൈദഗ്ദ്യം ആവശ്യമില്ലെന്ന് യു.ജി.സി. വൈസ് ചാന്‍സിലര്‍ നിയമനത്തിനായി യു.ജി.സി പുറത്തിറക്കിയ കരട് രേഖയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

നിയമനത്തിനുള്ള പൂര്‍ണ അധികാരം ചാന്‍സിലര്‍ക്കാണെന്നും കരടില്‍ പറയുന്നു. വ്യവസായ രംഗത്തുള്ളവരെയോ പൊതുമേഖലയില്‍ ഉള്ളവരെയോ വി.സി ആക്കാമെന്നാണ് പുതിയ പരിഷ്‌ക്കരണം.

പുതിയ ചട്ടങ്ങള്‍ അനുസരിച്ച് വൈസ് ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കും. സര്‍ക്കാരും ഗവര്‍ണറും നിലവില്‍ ഉന്നത അക്കാദമിക് നിയമന പ്രക്രിയയെച്ചൊല്ലി തര്‍ക്കത്തില്‍ അകപ്പെട്ടിരിക്കുന്ന തമിഴ്നാട്, പശ്ചിമ ബംഗാള്‍, കേരളം തുടങ്ങിയ പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇത് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി റിക്രൂട്ട്‌മെന്റിനും സ്ഥാനക്കയറ്റത്തിനെയും സംബന്ധിച്ചുള്ള കരട് രേഖയും ഇതിനൊപ്പം കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മന്ദ്ര പ്രധാന്‍ പുറത്തുവിട്ടു.

അസിസ്റ്റന്റ് പ്രൊഫസറാവാന്‍ ദേശീയ യോഗ്യത പരീക്ഷ (നെറ്റ്) വിജയിക്കേണ്ട ആവശ്യമില്ലെന്നും കരടില്‍ പറയുന്നു. ഫാക്കല്‍റ്റി നിയമനത്തിനായുള്ള നിലവിലെ മാനദണ്ഡങ്ങളില്‍ നിന്നും ദേശീയ വിദ്യാഭ്യാസ നയത്തിന് അനുകൂലമായി വിവിധ പശ്ചാത്തലങ്ങളുള്ള അധ്യാപകരെ നിയമിക്കാമെന്നാണ് കരട് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നവീകരണവും ചലനാത്മകതയും വഴക്കവുമുണ്ടാക്കാനാണ് മാറ്റം കൊണ്ടുവരുന്നതെന്നും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാഭ്യാസ മികവ് ഉണ്ടാക്കുന്നതിനും ഇത് കാരണമാകുമെന്നും കരട് രേഖയില്‍ പറയുന്നു.

സര്‍വകലാശാലകളിലെയും കോളേജുകളിലെയും ഫാക്കല്‍റ്റി നിയമനത്തിനുള്ള മിനിമം യോഗ്യതകള്‍ സംബന്ധിച്ച നിലവിലുള്ള 2018ലെ ചട്ടങ്ങള്‍ക്ക് പകരമാണ് പുതിയ മാനദണ്ഡങ്ങള്‍. 2018 ലെ ചട്ടങ്ങള്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് ബിരുദാനന്തര ബിരുദത്തിന് ശേഷം യു.ജി.സിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യു.ജി.സി-നെറ്റ്) പാസാകുന്നത് നിര്‍ബന്ധമാക്കിയിരുന്നു. പുതിയ യു.ജി.സി കരട് മാനദണ്ഡങ്ങള്‍ പ്രകാരം ഇത് നിര്‍ബന്ധമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Academic excellence is not required to become a Vice-Chancellor; The Chancellor has full power of appointment; UGC draft document out

We use cookies to give you the best possible experience. Learn more