റുബായിഷിന്റെ കവിത പിന്‍വലിച്ച നടപടിക്കെതിരെ അക്കാദമി കൗണ്‍സില്‍
Kerala
റുബായിഷിന്റെ കവിത പിന്‍വലിച്ച നടപടിക്കെതിരെ അക്കാദമി കൗണ്‍സില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2013, 3:29 pm

[]കോഴിക്കോട്: അല്‍ ഖ്വായിദ തീവ്രവാദിയുടേതെന്ന പേരില്‍ മാധ്യമങ്ങളില്‍ വിവാദമായ കവിത കാലിക്കറ്റ് സര്‍വ്വകലാശാല സിലബസില്‍ നിന്ന് നീക്കം ചെയ്ത നടപടിക്കെതിരെ അക്കാദമി കൗണ്‍സില്‍.

വൈസ് ചാന്‍സലറാണ് കവിത സിലബസില്‍ നിന്നും നീക്കം ചെയ്തതായി അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബോര്‍ഡ് ഓഫ് സ്റ്റഡീസാണെന്ന് കാണിച്ച് അക്കാദമി കൗണ്‍സില്‍ തീരുമാനം തള്ളി.[]

കോഴിക്കോട് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള “കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍” എന്ന ഇംഗ്ലീഷ് പുസ്തകത്തിലെ ഇബ്രാഹിം സുലൈമാന്‍ അല്‍ ##റുബായിഷിന്റെ “ഓഡ് ടു ദ സീ” എന്ന കവിതയാണ് മാധ്യമങ്ങള്‍ അല്‍ ഖായിദ തീവ്രവാദിയുടെ കവിത എന്ന പേരില്‍ അവതരിപ്പിച്ചത്.

ഇത് വിവാദമായതിനെ തുടര്‍ന്ന് സര്‍വ്വകാലാശാല കവിത പിന്‍വലിക്കുകയായിരുന്നു. നേരത്തേ ഗ്വാണ്ടനാമോ തടവറയില്‍ കഴിയേണ്ടി വന്നു എന്നതാണ് റുബായിഷിനെ തീവ്രവാദിയാക്കാന്‍ മലയാള മാധ്യമങ്ങളെ പ്രേരിപ്പിച്ചത്. റുബായിഷിനെതിരായ കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അമേരിക്ക അദ്ദേഹത്തെ ഒടുവില്‍ വിട്ടയക്കുകയായിരുന്നു.

“ദി ഡിറ്റെയ്‌നീസ് സ്പീക്ക്” എന്ന റുബായിഷിന്റെ കവിതാ സമാഹരത്തില്‍ പുസ്തകത്തിന്റെ എഡിറ്റര്‍ മാര്‍ക്ക് ഫാല്‍ക്ക് പറയുന്നത്, പാക്കിസ്ഥാനില്‍ അധ്യാപകനായി ജോലി ചെയ്യവേയാണ് അമേരിക്കയുടെ കൂലിപ്പട്ടാളം റുബായിഷിനെ പിടികൂടുന്നത് എന്നാണ്. യുദ്ധങ്ങളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച വ്യക്തിയായിരുന്നു റുബായിഷ്.

യൂണിവേഴ്‌സിറ്റിയുടെ നടപടിക്കെതിരെ നേരത്തേ തന്നെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സര്‍വ്വകലാശാലയുടെ നടപടി അപമാനകരമാണെന്നും കവിതയില്‍ തീവ്രവാദ ബന്ധമുള്ള യാതൊന്നും ഇല്ലെന്നും കവി സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു.

മാധ്യമങ്ങളില്‍ ആരോപണം വന്നതിനെ തുടര്‍ന്ന് കവിത പിന്‍വലിച്ചത് ന്യായീകരിക്കാനാവില്ലെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദും ഒരു കവിതയുടെ പേരില്‍ മാധ്യമങ്ങള്‍ ഒരാളെ കൂടി തീവ്രവാദിയാക്കിയെന്ന് എഴുത്തുകാരന്‍ ടി.ടി ശ്രീകുമാറും പറഞ്ഞിരുന്നു.