| Monday, 15th May 2017, 7:31 am

'ഇത് ഞങ്ങളെ അപമാനിക്കലാണ്' യോഗി ആദിത്യനാഥ് വീടുസന്ദര്‍ശിച്ചതിനെതിരെ വീരമൃത്യവരിച്ച സൈനികന്റെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ സൈനികര്‍ ക്രൂരമായ് കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത ബി.എസ്.എഫ് ജവാന്‍ പ്രേം സാഗറിന്റെ വീട് സന്ദര്‍ശനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കൊരുക്കിയത വി.ഐ.പി സൗകര്യങ്ങള്‍. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യോഗി ആദിത്യനാഥിനായ് എസി, സോഫ, കര്‍ട്ടനുകള്‍, കാര്‍പെറ്റ്, കസേരകള്‍ എന്നിവ എത്തിക്കുകയും സന്ദര്‍ശനത്തിനു പിന്നാലെ ഇവ തിരികെ കൊണ്ടു പോവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.


Also read ‘ദളിതര്‍ക്ക് നേരെയുള്ള അതിക്രമം കുറവ് കേരളത്തില്‍’; ഭരണത്തില്‍ കോണ്‍ഗ്രസായാലും ഇടതുപക്ഷമായാലും ദളിതരുടെ സുരക്ഷ ഗൗരവത്തോടെ കാണുന്നുവെന്നും കേന്ദ്രമന്ത്രി


വീട്ടില്‍ മുഖ്യമന്ത്രി എത്തുന്ന സമയത്ത് വൈദ്യൂതി നഷ്ടമാകാതിരിക്കാന്‍ ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായെത്തി ഇവ തിരികെ പോയെന്ന മരിച്ച സൈനികന്റെ സഹോദരനും ബി.എസ്.എഫ് ഉദ്യോഗസ്ഥനും കൂടിയായ ദയാശങ്കറാണ് മാധ്യമങ്ങളോട് പറഞ്ഞത്.

“അവര്‍ എസി കൊണ്ടുവച്ചു. ഒരു സോഫാ സെറ്റും വലിയ കാര്‍പെറ്റും വീട്ടില്‍ കൊണ്ടുവന്നു. വൈദ്യുതി ബന്ധം തടസപ്പെടാതിരിക്കാന്‍ ഒരു ജനറേറ്ററും സ്ഥാപിച്ചു. പക്ഷേ, മുഖ്യമന്ത്രി തിരികെ പോയപ്പോള്‍ തന്നെ എല്ലാം അവര്‍ കൊണ്ടുപോവുകയും ചെയ്തു. നടപടി ഞങ്ങളെ അപമാനിക്കുന്നതായിരുന്നു” ജവാന്റെ സഹോദരന്‍ ദയാശങ്കര്‍ പറഞ്ഞു.

യോഗിയുടെ നടപടി ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. വീട്ടിലെത്തിച്ച എസി മുളവടിയില്‍ നിര്‍ത്തിയാണ് താല്‍ക്കാലികമായി സ്ഥാപിച്ചിരുന്നത്. 25 മിനിറ്റോളമാണ് യോഗി ആദിത്യനാഥ് പ്രേം സാഗറിന്റെ വീട്ടില്‍ ചെലവഴിച്ചത്. ഇതിനായാണ് ഇത്രയധികം സൗകര്യങ്ങള്‍ ഒരുക്കിയത് യോഗിയുടെ യാത്രയ്ക്ക് പിന്നാലെ അഴിച്ച് കൊണ്ട് പോയതും.


Dont miss നരേന്ദ്രമോദിയുടെ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ മുസ്‌ലിം വനിതയുടെ തട്ടമിടാത്ത ചിത്രങ്ങള്‍ പുറത്ത്; ചോദ്യശരങ്ങളുമായി സമൂഹമാധ്യമങ്ങള്‍ 


മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മുന്‍പ് ജവാന്റെ വീട്ടിലേക്കുള്ള വഴി കോണ്‍ക്രീറ്റ് ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുപിയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ ഡിയോറിയ എന്ന സ്ഥലത്താണ് ജവാന്റെ വീട്. വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് മുഖ്യമന്ത്രി നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന ഉറപ്പും.

ഇക്കഴിഞ്ഞ മേയ് ഒന്നിനാണ് ബി.എസ്.എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന പ്രേം സാഗര്‍ പൂഞ്ചില്‍ വച്ച് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം പാക്ക് സൈന്യം വികൃതമാക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more