തിരുവനന്തപുരം: സംസ്ഥാന വോളിബോള്‍ അസോസിയേഷനും മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. അഭിപ്രായം വ്യക്തമാക്കി കായിക മന്ത്രി എ.സി മൊയ്തീന്‍ രംഗത്തെത്തിയതോടെയാണ് വിവാദം പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുന്നത്. താരത്തിന് പിന്തുണയുമായാണ് മന്ത്രി രംഗത്തെത്തിയത്.
കായിക താരത്തെ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വ്യക്തി താല്‍പര്യങ്ങള്‍ക്ക് അസോസിയേഷനെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വിവാദങ്ങളെക്കുറിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാലുടനെ തന്നെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടോം ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് താരവും അസോസിയേഷനും തമ്മിലുളള അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വരുന്നത്. തനിക്ക് അര്‍ജുന അവാര്‍ഡ് ലഭിക്കാന്‍ വൈകിയത് അസോസിയേഷന്റെ അലംഭാവം മൂലമാണെന്നും ടിം സെലക്ഷനില്‍ അപാകതയുണ്ടെന്നുമായിരുന്നു ടോമിന്റെ പോസ്റ്റ്.
ഇതിനെതിരെ അസോസിയേഷന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് ടോമില്‍ നിന്നുമുണ്ടായതെന്നും ദേശീയ ഗെയിംസ് മെഡല്‍ ടീമിന് നഷ്ടമായത് ടോമിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനാലാണെന്നും അസോസിയേഷന്‍ തിരിച്ചടിച്ചു. ടോമിന് അര്‍ജുന അവാര്‍ഡ് ലഭിക്കാന്‍ അസോസിയേഷന്‍ ഒന്നും ചെയ്തില്ലെന്ന ആരോപണവും അസോസിയേഷന്‍ നിരസിച്ചു. ടോമിന് കായികക്ഷമത നഷ്ടമായെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കൂടാതെ ടോമിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
ഇതേ തുടര്‍ന്ന് ടോമിന് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. താന്‍ ആര്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറല്ലെന്നായിരുന്നു ടോമിന്റെ മറുപടി. മറ്റുള്ളവരുടെ കാലു നക്കിയാണ് ടോം അവാര്‍ഡ് നേടിയതെന്ന് അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീര്‍ ആരോപിച്ചിരുന്നു. അതിന് വിശദീകരണം വേണമെന്നും താരം ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയ്ക്കും സ്‌പോര്‍ട്‌സ് കൗണ്‍സിലിനും ടോം പരാതി നല്‍കുന്നത്. ബഷീറിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ടോം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.