യൂറോകപ്പിൽ സ്പാനിഷ് പടയുടെ നെടുംതൂണായവനെ റാഞ്ചി ഇറ്റാലിയൻ വമ്പന്മാർ
Football
യൂറോകപ്പിൽ സ്പാനിഷ് പടയുടെ നെടുംതൂണായവനെ റാഞ്ചി ഇറ്റാലിയൻ വമ്പന്മാർ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th July 2024, 12:56 pm

സ്‌പെയ്ന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ അല്‍വരോ മൊറോട്ടയെ സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബ്ബ് എ.സി മിലാന്‍. സ്പാനിഷ് ടീമായ അത്‌ലെറ്റികോ മാഡ്രിഡില്‍ നിന്നും 13 മില്യണ്‍ യൂറോയുടെ റിലീസ് ക്ലോസിനാണ് മൊറാട്ട ഇറ്റാലിയന്‍ ക്ലബ്ബിലേക്ക് കൂടുമാറിയത്.

നാല് വര്‍ഷത്തെ കരാറിലാണ് താരം എ.സി മിലാനില്‍ ഒപ്പ് വെക്കുക. ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഒലിവ് ജിറൂഡിന് പകരക്കാരനായിട്ടായിരിക്കും സ്പാനിഷ് ക്യാപ്റ്റന്‍ എ.സി മിലാനില്‍ പന്ത് തട്ടുക.

മൊറാട്ട അടുത്തദിവസം തന്നെ മിലാനില്‍ എത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുശേഷം ഓഗസ്റ്റില്‍ ആയിരിക്കും സ്‌പെയ്ന്‍ ക്യാപ്റ്റന്‍ ടീമിനൊപ്പം ചേരുക.

ഇതിനു മുന്നോടിയായി തന്നെ യൂറോപ്പിലെ മികച്ച ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള അനുഭവസമ്പത്ത് മൊറാട്ടക്ക് ഉണ്ട്. റയല്‍ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, ചെല്‍സി, യുവന്റസ് എന്നീ വമ്പന്‍ ക്ലബ്ബുകളിലാണ് മൊറാട്ട ഇതിനുമുമ്പ് കളിച്ചിട്ടുള്ളത്.

സ്പാനിഷ് ക്ലബ്ബിനൊപ്പം കഴിഞ്ഞ സീസണില്‍ ലാ ലിഗയില്‍ 32 മത്സരങ്ങളില്‍ നിന്നും 15 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മൊറാട്ട നേടിയിരുന്നത്. ചാമ്പ്യന്‍സ് ലീഗ് 10 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിരുന്നു.

മറുഭാഗത്ത് എ.സി മിലാന്‍ സിരി എയില്‍ കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനക്കാരായ ഫിനിഷ് ചെയ്തിരുന്നത്. 38 മത്സരങ്ങളില്‍ നിന്നും 22 വിജയവും ഒമ്പത് സമനിലയും ഏഴ് തോല്‍വിയും അടക്കം 75 പോയിന്റുമായാണ് ഇറ്റാലിയന്‍ ക്ലബ്ബ് തങ്ങളുടെ കഴിഞ്ഞ സീസണിലെ പോരാട്ടം അവസാനിപ്പിച്ചത്.

സ്പാനിഷ് സൂപ്പര്‍താരത്തിന്റെ വരവോടുകൂടി മിലാന്റെ മുന്നേറ്റ നിര കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട് സ്‌പെയ്ന്‍ ചാമ്പ്യന്മാരായിരുന്നു. യൂറോ കപ്പ് ചരിത്രത്തിലെ സ്‌പെയ്നിന്റെ നാലാമത്തെ കിരീടമായിരുന്നു ഇത്.

ഇതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന ടീമായി മാറാനും സ്പാനിഷ് പടക്ക് സാധിച്ചിരുന്നു. യൂറോ കപ്പില്‍ ചാമ്പ്യന്‍ ടീമിനൊപ്പം ഏഴു മത്സരങ്ങളില്‍ നിന്നും ഓരോ വീതം ഗോളും അസിസ്റ്റുമാണ് മൊറാട്ട നേടിയത്.

 

Content Highlight: AC Milan Sign Alvaro Morata