| Saturday, 20th August 2022, 4:45 pm

മെസിക്ക് പരിക്കേറ്റതുകൊണ്ടുമാത്രം രക്ഷപ്പെട്ടു, അല്ലെങ്കില്‍ ഒന്നാകെ പെട്ടുപോയേനെ, അജ്ജാതി തീപ്പൊരിയല്ലേ അവന്‍; ചര്‍ച്ചയായി മിലാന്‍ ലെജന്‍ഡിന്റെന്റെ പഴയ വാക്കുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയാണ് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചകളുടെ പ്രധാന ഫോക്കസ് പോയിന്റ്. ടീമിലെ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും എംബാപ്പെയും സഹതാരങ്ങളുമായുള്ള ഉരച്ചിലുകളും ഫുട്‌ബോളിലെ ചൂടുള്ള ചര്‍ച്ചാ വിഷയമാണ്.

മെസിയോടുള്ള എംബാപ്പെയുടെ ബഹുമാനക്കുറവും, ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി ലെജന്‍ഡറി താരങ്ങള്‍ രംഗത്തെത്തിയതും ഫുട്‌ബോള്‍ ലോകം ചര്‍ച്ചയാക്കിയിരുന്നു.

ഇപ്പോഴിതാ, മെസിയെ കുറിച്ചുള്ള എ.സി മിലാന്‍ സൂപ്പര്‍ താരം പൗലോ മാല്‍ഡിനിയുടെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാവുന്നത്. 2018ല്‍ ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ മെസിയെ കുറിച്ചും അദ്ദേഹത്തിന്റെ ഫോമിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാവുന്നത്.

40 കൊല്ലത്തോളം ഫുട്‌ബോള്‍ ലോകത്തെ സാന്നിധ്യമായിരുന്ന മാല്‍ഡിനി താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും അപകടകാരിയായ മൂന്ന് താരങ്ങളില്‍ ഒരാളായിട്ടാണ് മെസിയെ വിലയിരുത്തുന്നത്.

ഇ.എസ്.പി.എന്നിലെ ഗിവ് മി സ്‌പോര്‍ട്ടിലായിരുന്നു ഫുട്‌ബോള്‍ ലെജന്‍ഡ് ഇക്കര്യം പറഞ്ഞത്.

‘ആദ്യം തന്നെ നിരവധി മികച്ച, മികച്ചെതെന്നു പറഞ്ഞാല്‍ അത്രയും മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതില്‍ പ്രധാനി മറഡോണ തന്നെ. അദ്ദേഹം നാപ്പോളിക്ക് വേണ്ടി കളിക്കുമ്പോഴായിരുന്നു ഞാന്‍ അദ്ദേഹത്തിനെതിരെ ബൂട്ടുകെട്ടിയത്.

മറ്റൊരാള്‍ ബ്രസീലിലെ റൊണാള്‍ഡോ ആയിരുന്നു, അദ്ദേഹം ഇന്ററിന് വേണ്ടി കളിക്കുമ്പോള്‍. ഞാന്‍ മെസിക്കെതിരെ കളിച്ചിട്ടേയില്ല, കാരണം അവന് പരിക്കേറ്റിരുന്നു. മെസിക്ക് പരിക്കേറ്റതിന് ദൈവത്തോട് നന്ദി പറയുക മാത്രമാണിപ്പോള്‍ ചെയ്യാനാവുന്നത്,’ മാല്‍ഡിനി പറയുന്നു.

മാല്‍ഡിനിയെ നേരിടാന്‍ സാധിക്കാതെ വന്നത് മെസിയുടെ ഭാഗ്യമാണെന്ന് ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോള്‍ അങ്ങനെയല്ലെന്നും തിരിച്ചാണെന്നും അദ്ദേഹം തിരുത്തുകയായിരുന്നു. മെസിയെ നേരിടാന്‍ സാധിക്കാതെ വന്നതില്‍ ഏറ്റവും ഭാഗ്യവാന്‍ താനാണ് എന്നായിരുന്നു മാല്‍ഡിനിയുടെ മറുപടി.

‘ഏയ്.. ഒരിക്കലുമല്ല. തിരിച്ചാണ് പറയേണ്ടത്. ഞാനാണ് യഥാര്‍ത്ഥത്തില്‍ ഭാഗ്യവാന്‍,’ മാല്‍ഡിനി പറഞ്ഞു.

അതേസമയം, ലീഗ് വണ്ണില്‍ മികച്ച പ്രകടനമാണ് മെസി പി.എസ്.ജിക്കായി പുറത്തെടുക്കുന്നത്. കോപ്പ അമേരിക്കയും ഫൈനലസ്സിമയും അര്‍ജന്റീനക്ക് വേണ്ടി നേടിക്കൊടുത്ത മെസി, ലോകകപ്പ് തന്നെയാവും അടുത്തതായി ലക്ഷ്യം വെക്കുന്നത്.

Content Highlight: AC Milan legend Paulo Maldini about Lionel Messi

We use cookies to give you the best possible experience. Learn more