മറ്റാരെങ്കിലും ബാലണ്‍ ഡി ഓര്‍ നേടിയേക്കാം, പക്ഷെ അവന്‍ തന്നെയാണ് പ്രതിഭ; മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ സൂപ്പര്‍ കോച്ച്
Football
മറ്റാരെങ്കിലും ബാലണ്‍ ഡി ഓര്‍ നേടിയേക്കാം, പക്ഷെ അവന്‍ തന്നെയാണ് പ്രതിഭ; മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ സൂപ്പര്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th April 2023, 7:59 am

ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ ആരാണ് ഗോട്ട് എന്ന് തുറന്ന് പറഞ്ഞ് എ.സി മിലാന്‍ കോച്ച് ഫാബിയോ കാപെല്ലോ. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് മികച്ച താരമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രത്യേക കഴിവുകളുള്ള താരമാണ് മെസിയെന്നും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്‌കില്ലുകള്‍ താരത്തിനുണ്ടെന്ന് അദ്ദേഹം കാട്ടിത്തന്നിട്ടുണ്ടെന്നും കാപെല്ലോ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ മീഡിയ ഔട്‌ലെറ്റായ ബിറ്റ്‌ബോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താരങ്ങളില്‍ ആരെങ്കിലും ബാലണ്‍ ഡി ഓര്‍ നേടുമായിരിക്കും എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മെസിയാണോ മികച്ചതെന്ന് ചോദിച്ചാല്‍ ഞാന്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കറുടെ പേര് പറയും. മെസി പ്രതിഭയാണ്, കാരണം, കളത്തില്‍ അദ്ദേഹത്തിന്റെ നിലവാരവും വേഗതയും മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്,’ കാപെല്ലോ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ നൈസിനെതിരെ നടന്ന മത്സരത്തില്‍ മെസി ഗോള്‍ സ്‌കോര്‍ ചെയ്തതോടെ താരം യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി നേടുന്ന മൊത്തം ഗോളുകളുടെ എണ്ണം 702 തികഞ്ഞു. നൈസിനെതിരെ പി.എസ്.ജി നേടിയ രണ്ട് ഗോളുകളില്‍ ഒന്ന് മെസിയുടെ സംഭാവനയായിരുന്നു. യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി 701 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. റൊണാള്‍ഡോയെക്കാള്‍ 105 മത്സരങ്ങള്‍ കുറച്ച് കളിച്ചിട്ടാണ് മെസി ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ബാഴ്‌സലോണക്കായി 778 മത്സരങ്ങള്‍ കളിച്ച മെസി 672 ഗോളുകളാണ് ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്. പി.എസ്.ജിയില്‍ 68 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

ഈ സീസണില്‍ പാരിസ് ക്ലബ്ബിനായി 34 മത്സരങ്ങള്‍ കളിച്ച മെസി 19 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. റൊണാള്‍ഡോ തന്റെ ക്ലബ്ബായ അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തമാക്കി.

അതേസമയം ലീഗ് വണ്ണില്‍ നിലവില്‍ 30 മത്സരങ്ങളില്‍ നിന്നും 22 വിജയങ്ങളോടെ 69 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഏപ്രില്‍ 16ന് ലെന്‍സിനെതിരെയാണ് പി. എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: AC Milan coach Fabio Capello states Lionel Messi is better than Cristiano Ronaldo