ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.എയ്ക്ക് പഠിച്ച സബ്ജക്ടിന്റെ പേരു പോലും കൃത്യമായി പറയാനാവാതെ ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് അന്‍കിവ് ഭായ്‌സോയ. “പല വിധത്തിലുള്ള വിഷയങ്ങള്‍ പഠിച്ചിട്ടുണ്ട്” എന്നാണ് ബി.എയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. അന്‍കിവ് ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റിലാണെന്ന പരാതി ഉയര്‍ന്നുവന്നതിനു പിന്നാലെയാണ് അന്‍കിവിന്റെ വിചിത്രമായ പ്രതികരണം.
തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള മാര്‍ക്ക് ഷീറ്റ് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് എ.ബി.വി.പി പ്രവര്‍ത്തകനായ അന്‍കിവിന് ദല്‍ഹി യൂണിവേഴ്‌സിറ്റി പോസ്റ്റു ഗ്രാജ്വേഷന് പ്രവേശനം നല്‍കിയിരിക്കുന്നത്. 2016 ല്‍ ബിരുദം പൂര്‍ത്തിയാക്കിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
വിദ്യാര്‍ഥി ജീവിതത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം ഒന്നും ഓര്‍ക്കുന്നില്ലെന്ന തരത്തിലാണ് പ്രതികരിക്കുന്നതെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.എയ്ക്ക് ഏതു വിഷയമാണ് പഠിച്ചതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ” പലതരം പരീക്ഷകള്‍ ഞാനെഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും സ്‌കില്‍ ബെയ്‌സ്ഡ് വിഷയങ്ങളിലും.” ഒരു ഡിപ്പാര്‍ട്ടുമെന്റിന്റെയും തലവന്റെ പേരുപോലും അദ്ദേഹത്തിന് പറയാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read:ഗുജറാത്തിലെ എം.എല്‍.എമാരുടെ ശമ്പളത്തില്‍ 45000 രൂപയുടെ വര്‍ധന
അതിനിടെ, അന്‍കിവിനെതിരായ ആരോപണങ്ങള്‍ ശരിവെച്ച് തിരുവള്ളൂര്‍ യൂണിവേഴ്‌സിറ്റി അധികൃതരും രംഗത്തുവന്നിട്ടുണ്ട്. അന്‍കിവ് ഭായ്‌സോയ എന്നു പേരുള്ള ആരും തങ്ങളുടെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ടില്ലെന്നാണ് തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ എന്‍.ഡി.ടി.വിയോടു പറഞ്ഞത്.
എന്നാല്‍ ഈ രേഖകളുടെ സൂക്ഷ്മപരിശോധനാ ഫലം ഉയര്‍ത്തിക്കാട്ടി തമിഴ്‌നാട് കോണ്‍ഗ്രസും അതിന്റെ വിദ്യാര്‍ഥി സംഘടനയും ഇതിനകം രംഗത്തെത്തിയിരുന്നു. സൂക്ഷ്മപരിശോധന നടത്തിയ പരീക്ഷാ കണ്‍ട്രോളര്‍ രേഖകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ രേഖ കഴിഞ്ഞദിവസം എന്‍.എസ്.യു.ഐ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ എന്‍.എസ്.യു.ഐ പ്രചരിപ്പിക്കുന്ന രേഖകള്‍ വ്യാജമാണെന്ന് പറഞ്ഞാണ് ഭായ്‌സോയ ഇതിനെ പ്രതിരോധിക്കുന്നത്. “വോട്ടെടുപ്പില്‍ ഉപയോഗിച്ച മെഷീനിന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് അവര്‍ എന്റെ ഡിഗ്രി ചോദ്യം ചെയ്യുന്നത്. എല്ലാ രേഖകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാം. അതുമായി സഹകരിക്കും.” എന്നും അദ്ദേഹം പറഞ്ഞു.