തിരുവനന്തപുരം: ആര്‍.എസ്.എസ് ശാഖയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ എ.ബി.വി.പി പ്രവര്‍ത്തകര്‍ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദ്ദിച്ചു. തിരുവനന്തപുരം ധനുവച്ചപുരം ബി.ടി.എം എന്‍.എസ്.എസ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിജിത്തിനാണ് മര്‍ദനമേറ്റത്.
Also Read: ബാംഗ്ലൂര്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി
നിലവില്‍ എ.ബി.വി.പിയ്ക്ക് മാത്രം യൂണിറ്റുള്ള കോളേജില്‍ എസ്.എഫ്.ഐക്കാരനായ അഭിജിത്ത് കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് രൂപീകരിക്കും എന്ന പേരിലായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകവേയാണ് എ.ബി.വി.പിക്കാര്‍ തന്നെ പിടിച്ചുവച്ച് ഭീഷണിപ്പെടുത്തുകയും വസ്ത്രം ഊരിച്ചശേഷം മര്‍ദ്ദിക്കുകയും ചെയ്തതെന്ന് അഭിജിത്ത് പറഞ്ഞു.
എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളേജില്‍ ആഴ്ചയിലൊരിക്കല്‍ നടക്കുന്ന ആര്‍.എസ്.എസ് ശാഖയുടെ യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് അഭിജിത് പറയുന്നു. നേരത്തെ തന്റെ ബാഗില്‍ ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് കണ്ടത് തന്റെ ക്ലാസിലെ ഒരു സഹപാഠി എ.ബി.വി.പി നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഭീഷണിപ്പെടുത്തിയതും മര്‍ദിച്ചതുമെന്നും അഭിജിത് പറഞ്ഞു.
മര്‍ദ്ദനത്തെത്തുടര്‍ന്ന് അഭിജിത്ത് നേമം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്ന് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.
കോളേജിലെ ആര്‍.എസ്.എസ് ശാഖായോഗത്തില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിക്ക് എ.ബി.വി.പിക്കാരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പറഞ്ഞു.