| Wednesday, 5th April 2017, 8:42 pm

ജിഷ്ണുവിന്റെ അമ്മയോടുള്ള അതിക്രമം: സി.പി.ഐ.എം മന്ത്രിമാരെ നാളെ മുതല്‍ വഴി തടയുമെന്ന് എ.ബി.വി.പി; പിണറായിയെ നാളെ 'വലിച്ചിഴയ്ക്കും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണുവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളോട് പൊലീസ് കാണിച്ച ക്രൂരതയില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സി.പി.ഐ.എം മന്ത്രിമാരെ തടയുമെന്ന് എ.ബി.വി.പി. നാളെ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും എ.ബി.വി.പി സംസ്ഥാന സെക്രട്ടറി പി. ശ്യാം അറിയിച്ചു. സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ നാളെ പ്രതീകാത്മകമായി വലിച്ചിഴയ്ക്കാനും എ.ബി.വി.പി തീരുമാനിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് ഈ പ്രതിഷേധം നടക്കുന്നത്. കോഴിക്കോടും തിരുവനന്തപുരത്തുമാണ് നാളെ ബി.ജെ.പിയുടെ ഹര്‍ത്താല്‍.


Also Read: ‘ഡിജിപിക്കെതിരെ നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ല. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും. അതിന് സര്‍ക്കാരിനും പാര്‍ട്ടിക്കും ശേഷിയുണ്ട്’: കോടിയേരി ബാലകൃഷ്ണന്‍


അതേസമയം യു.ഡി.എഫ് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയെ യു.ഡി.എഫ് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനിടെ സമരം ശക്തമാക്കാനായി മലപ്പുറത്തെ പരിപാടികള്‍ റദ്ദാക്കി നേതാക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

നേരത്തേ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തിയിരുന്നു. ബാഹ്യ ഇടപെടല്‍ മൂലമാണ് സംഘര്‍ഷമുണ്ടായതെന്നായിരുന്നു ഡി.ജി.പിയുടെ വിശദീകരണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇതുപറയുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു.

ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴക്കുകയും അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത നടപടിയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ശാസിച്ചിരുന്നു. ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ ബന്ധപ്പെട്ടാണ് വി.എസ് ചീത്ത വിളിച്ചത്. കുറ്റക്കാരെ പിടികൂടാതെ പരാതി പറയാന്‍ വരുന്നവരെയാണോ അറസ്റ്റ് ചെയ്യുന്നതെന്ന് വി.എസ് ചോദിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more