'കുറവനും പുലയനും ഇവിടെ പഠിക്കണ്ട ഇത് നായന്മാരുടെ കോളേജാണ്'; എം.ജി കോളേജില്‍ എ.ബി.വി.പിയുടെ ദളിത് വേട്ട
Kerala
'കുറവനും പുലയനും ഇവിടെ പഠിക്കണ്ട ഇത് നായന്മാരുടെ കോളേജാണ്'; എം.ജി കോളേജില്‍ എ.ബി.വി.പിയുടെ ദളിത് വേട്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th March 2017, 3:39 pm

തിരുവനന്തപുരം: എം.ജി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എ.ബി.വി.പിയുടെ ഭീഷണി. ജാതിവിളിച്ച് ഭീഷണിപ്പെടുത്തുന്നെന്ന് കാട്ടി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. പരാതി നല്‍കിയ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.


Also read യു.പിയില്‍ മദ്യനിരോധനം നടപ്പാക്കാന്‍ യോഗി ആദിത്യനാഥിന് ധൈര്യമുണ്ടോ: ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്


കേളേജിനകത്തും പുറത്തുമുള്ള എ.ബി.വി.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നെന്ന് കാട്ടി 35 വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരിക്കുന്നത്. തങ്ങള്‍ക്കുനേരെ ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കുമെന്ന് ഭയക്കുന്നതായാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

“കുറവനും പുലയനും ഇവിടെ പഠിക്കണ്ട ഇത് നായന്മാരുടെ കോളേജാണെടാ” എന്നു പറഞ്ഞാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍കര്‍ ഭീഷണിപ്പെടുത്തുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഭീഷണി കാരണം പഠനം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എ.ബി.വി.പി പ്രവര്‍ത്തകരുടെ അക്രമത്തെതുടര്‍ന്ന് പെണ്‍കുട്ടികള്‍ വ്യാഴാഴ്ച പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള കമ്മിറ്റി വിദ്യാര്‍ത്ഥിനികളുടെ മൊഴിയെടുത്തിരുന്നു. അന്വേഷണത്തിന് ശേഷം പരാതി പൊലീസിന് നല്‍കാനാണ് കമ്മിറ്റിയുടെ തീരുമാനം.

തങ്ങള്‍ക്കെതിരായ പരാതിയെത്തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളേജില്‍ പ്രതിഷേധ പ്രകടനം നടത്തി. പെണ്‍കുട്ടികള്‍ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി ക്ലാസില്‍ നിന്നും വലിച്ചിറക്കിയായിരുന്നു പ്രകടനം. ഇതേതുടര്‍ന്നാണ് 35 ദളിത് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുന്നത്. പരാതി നല്‍കിയവരുടെ വീടുകളിലെത്തി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണിപ്പോള്‍.

കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ കഞ്ചാവ് വിതരണം ചെയ്യുന്നതായ് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കഞ്ചാവ് വിതരണത്തെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് കായികതാരങ്ങളായ വിദ്യാര്‍ത്ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. മര്‍ദനത്തിന് നേതൃത്വം നല്‍കിയ ഹരിലാല്‍, ഷിജു, അനന്തു എം.ബി നായര്‍ എന്നീ എ.ബി.വി.പി പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കോളേജിലെ ക്രിമിനല്‍ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ ഹൈക്കോടതി എ.ബി.വി.പിയുടെ ഇവിടുത്തെ പ്രവര്‍ത്തനം തഞ്ഞിരുന്നു. ഇതിനെ മറികടന്നാണ് കഴിഞ്ഞ ദിവസം കേളേജില്‍ പ്രകടനം നടത്തിയത്.