ബ്രണ്ണന്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ എടുത്തുമാറ്റിയ കൊടിമരം വീണ്ടും സ്ഥാപിക്കാനെത്തി എ.ബി.വി.പിക്കാര്‍; തടഞ്ഞ് പൊലീസ്; ഒടുക്കം മടക്കം
തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ എടുത്തുമാറ്റിയ കൊടിമരം വീണ്ടും സ്ഥാപിക്കാനായി എത്തിയ എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
ഫ്രെറ്റേണിറ്റി മൂവ്‌മെന്റിന്റെ സംസ്ഥാന ജാഥ ബ്രണ്ണന്‍ കോളേജിന് സമീപത്ത് എത്താറായപ്പോഴായിരുന്നു എ.ബി.വി.പിക്കാര്‍ കൊടിമരം സ്ഥാപിക്കാനായി എത്തിയത്.
എന്നാല്‍ കോളേജിന് സമീപം ജാഥയെത്തുന്ന സമയം എ.ബി.വി.പിക്കാര്‍ കൊടിസ്ഥാപിക്കാനെത്തുന്നത് വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയാക്കുമെന്നും ഫ്രെറ്റേണിറ്റിയുടെ ജാഥയ്ക്ക് ശേഷം നിങ്ങള്‍ക്ക് വേണമെങ്കില്‍ പ്രിന്‍സിപ്പലിന്റെ അനുവാദത്തോടുകൂടി കൊടി സ്ഥാപിക്കാമെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷമുണ്ടാകുകയായിരുന്നു. കൊടി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി. സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തുമാറ്റിയത് കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
വിശാല്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് എ.ബി.വി.പി. കോളേജില്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. സംസ്ഥാനസമിതിയംഗം വിശാഖ് പ്രേമന്‍, യൂണിറ്റ് അംഗങ്ങളായ വൈഷ്ണവ്, ജിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊടിമരം സ്ഥാപിച്ചത്. എന്നാല്‍ ചടങ്ങിനുശേഷം കൊടിമരം മാറ്റാന്‍ പോലീസും പ്രിന്‍സിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ തയ്യാറായില്ല.
തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. കെ.ഫല്‍ഗുനന്‍ നേരിട്ടെത്തി കൊടിമരം പിഴുതുമാറ്റി. മാറ്റിയ കൊടിമരം അദ്ദേഹം കോളേജിനു പുറത്തുണ്ടായിരുന്ന പോലീസിന് കൈമാറി. പ്രിന്‍സിപ്പല്‍ കൊടിമരം മാറ്റുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
കൊടിമരം ക്യാമ്പസിന് വെളിയില്‍ കളഞ്ഞത് സംഘര്‍ഷം ഒഴിവാക്കാനാണെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചിരുന്നു. കോളേജില്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മില്‍ ഒരു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അത് വളര്‍ന്ന് കോളേജില്‍ ക്രമസമാധാന പ്രശ്‌നം ആവാതിരിക്കാന്‍ ആയിരുന്നു നടപടി.
എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ക്യാംപസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി.
പരിപാടിക്കുശേഷം മാറ്റാമെന്ന ഉറപ്പില്‍ പൊലീസുമായി ആലോചിച്ചാണ് കൊടിമരം സ്ഥാപിക്കാന്‍ അനുവാദം നല്‍കിയത്. അനുമതി നല്‍കുമ്പോള്‍ തന്നെ അരമണിക്കൂറിനുള്ളില്‍ കൊടിമരം മാറ്റണമെന്ന നിബന്ധന താന്‍ വച്ചിരുന്നു. നേതാക്കള്‍ അത് സമ്മതിച്ചതുമാണ്. എന്നാല്‍ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള്‍ നിലപാട് മാറ്റി. ഇത് ക്യാംപസില്‍ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.