ഗേള്‍സ് ഹോസ്റ്റലിലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു; ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വി.സിയുടെ കോലം കത്തിച്ച് എ.ബി.വി.പി
national news
ഗേള്‍സ് ഹോസ്റ്റലിലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു; ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വി.സിയുടെ കോലം കത്തിച്ച് എ.ബി.വി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th April 2022, 10:37 pm

ലഖ്‌നൗ: ബനാറസ് ഹിന്ദു സര്‍വകലാശായിലെ ഗേള്‍സ് ഹോസ്റ്റലില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ വൈസ് ചാന്‍സലര്‍ പങ്കെടുത്തതില്‍ പ്രതിഷേധവുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍. വൈസ് ചാന്‍സലര്‍ സുധീര്‍ കെ. ജെയിനിന്റെ കോലം കത്തിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

വൈസ് ചാന്‍സലര്‍ ‘ഇഫ്താറുകളില്‍ പങ്കെടുക്കുന്ന ഒരു പുതിയ രീതി ആരംഭിച്ചു’ എന്നാണ് എ.ബി.വി.പി ആരോപിച്ചത്. എന്നാല്‍ എ.ബി.വി.പിയുടെ ആരോപണം നിഷേധിച്ച ബി.എച്ച്.യു അധികൃതര്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ഇഫ്താര്‍ വിരുന്നില്‍ വി.സി പങ്കെടുക്കുന്നത് സര്‍വകലാശാലയിലെ പാരമ്പര്യമാണെന്ന് പറഞ്ഞു.

‘ഇതാദ്യമായല്ല ഒരു വി.സി ഇഫ്താറില്‍ പങ്കെടുക്കുന്നത്, എല്ലാ വര്‍ഷവുമുള്ളതാണ്. കൊവിഡ് പ്രോട്ടോക്കോള്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഇഫ്താര്‍ വിരുന്ന് മുടങ്ങികിടക്കുകയായിരുന്നു. ഞങ്ങളുടെ കാമ്പസ് മതേതരമാണ്, ഇത് ഒരു പുതിയ രീതിയല്ല, ”ബി.എച്ച്.യു പി.ആര്‍.ഒ ഡോ. രാജേഷ് സിംഗ് പറഞ്ഞു.

വിരലിലെണ്ണാവുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് ബി.എച്ച്.യു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”ഇവര്‍ പബ്ലിസിറ്റിക്ക് വേണ്ടി പ്രതിഷേധിക്കുന്ന അവസരവാദികളാണ്. അവര്‍ക്ക് പ്രത്യയശാസ്ത്രമില്ല. അവരുടെ ഏക ലക്ഷ്യം സര്‍വകലാശാലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കുക എന്നതാണ്,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇഫ്താര്‍ വിരുന്നിനെ എതിര്‍ത്ത എ.ബി.വി.പി നേതാക്കള്‍ നാളെ നവരാത്രി പാര്‍ട്ടി സംഘടിപ്പിച്ചാല്‍ വി.സി പങ്കെടുക്കുമോ എന്ന് ചോദിച്ചു.

”എ.ബി.വി.പി പ്രതിഷേധത്തിന്റെ ഭാഗമാണ്. ഇഫ്താറില്‍ പങ്കെടുക്കാനുള്ള നീക്കം തെറ്റാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ഭാവിയില്‍ ആരെങ്കിലും ഹോസ്റ്റലില്‍ നവരാത്രി പാര്‍ട്ടി തുടങ്ങിയാല്‍ വി.സി. അതില്‍ പങ്കെടുക്കുമോ? ഇത് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല, ”ബി.എച്ച്.യുവിലെ വിദ്യാര്‍ത്ഥിയും എ.ബി.വി.പി നേതാവുമായ അധോക്ഷജ് പാണ്ഡെ പറഞ്ഞു.

Content Highlight: ABVP protest against Vice Chancellor’s participation in Iftar dinner hosted at Girls Hostel, Banaras Hindu University