ചങ്ങനാശേരി: ചങ്ങനാശേരി പെരുന്ന എന്‍.എസ്.എസ് കോളജില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച വനിതാ മതിലിനെതിരെ എ.ബി.വി.പി ചാണക വെള്ളം തളിച്ചു. ക്യാമ്പസുകളില്‍ എ.ബി.വി.പി മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് എസ്.എഫ്.ഐ ആരോപണം.
വ്യാഴാഴ്ച രാവിലെയാണ് കോളജിലെ 350 ഓളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാ മതില്‍ തീര്‍ത്തത്. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പരിപാടി സംഘടിപ്പിച്ചത്.
പരിപാടി അവസാനിപ്പിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ പ്രദേശത്ത് ചാണകവെള്ളം തളിക്കുകയായിരുന്നു.
നേരത്തെ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം അരങ്ങേറിയിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് പ്രചരണമഴിച്ചു വിടുകയും ചെയ്തിരുന്നു.
എന്നാല്‍ അക്രമ സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍കര്‍ വെട്ടിയെന്നത് നുണയാണെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കുകയായിരുന്നു.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് വരുത്തിതീര്‍ക്കാന്‍ കത്തിയും ബ്ലേഡും ഉപയോഗിച്ച് കൈയ്യിലെ മുറിവ് കൂട്ടുകാര്‍ ഉണ്ടാക്കിയതാണെന്നും പരിക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകന്‍ കെ.എം ലാല്‍ മൊഴി നല്‍കിയെന്നാണ് പൊലീസ് പറഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് ലാലിനും മറ്റ് നാല് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.