ഭോപാല്‍: മഹാത്മാ ഗാന്ധിക്ക് പകരം നാഥുറാം വിനായക ഗോഡ്‌സെയുടെ ചിത്രം പത്തു രൂപ നോട്ടില്‍ വെച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ എ.ബി.വി.പി നേതാവായ ശിവം ശുക്ലയാണ് ഗോഡ്‌സെയുടെ 111ാം ജന്മദിനമായ മെയ് 19ന് കറന്‍സിയിലെ ചിത്രം മാറ്റി ഫേസ്ബുക്കിലിട്ടത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധി കോട്ട് വാലി പൊലീസ് സ്റ്റേഷനില്‍ മിശ്രയെന്നയാളാണ് പരാതി നല്‍കിയത്.
പത്തുരൂപ നോട്ടിന് പുറകിലെ ഗാന്ധിയുടെ ചിത്രവും എടുത്തുമാറ്റിയിട്ടുണ്ട്.
ഗാന്ധി അനുയായികളുടെ വികാരം വ്രണപ്പെടുത്തുമെന്നും രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ചാണ് സിദ്ധി ജില്ലയിലെ എ.ബി.വി.പി ജനറല്‍ സെക്രട്ടറിയായ ശിവം ശുക്ലക്കെതിരെ മിശ്ര പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ പരാതിനല്‍കി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനിതുവരെ മനസ് വന്നിട്ടില്ല, പൊലീസ് ഇക്കാര്യത്തില്‍ ഉഴപ്പുകയാണ്,’ മിശ്ര പറഞ്ഞു.