തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത എ.ബി.വി.പി പ്രവർത്തകൻ വധശ്രമ കേസിൽ റിമാൻഡിൽ.
പന്തളം എൻ.എസ്.എസ് കോളേജിൽ ക്രിസ്മസ് ആഘോഷത്തിനിടെ ഉണ്ടായ എ.ബി.വി.പി-എസ്.എഫ്.ഐ സംഘർഷത്തിലാണ് രണ്ട് എ.ബി.വി.പി പ്രവർത്തകർ റിമാൻഡിൽ ആയത്. ഇതിൽ സുധി സദൻ ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആളാണ്.
സംഘർഷത്തിൽ ഭിന്നശേഷിക്കാരൻ ആയ വിദ്യാർത്ഥി ഉൾപ്പെടെ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
സംഘർഷത്തെ തുടർന്ന് സ്ഥലത്തെത്തിയ പന്തളം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോളേജിലെ ക്രിസ്മസ് പരിപാടി റദ്ദാക്കുകയും ചെയ്തു. പ്രവർത്തകരുടെ അറസ്റ്റ് ആസൂത്രിതമാണെന്നാണ് എ.ബി.വി.പി ആരോപിക്കുന്നത്.
സംഭവത്തിനു പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളായ ശ്രീനാഥിന്റെ വീട് അടിച്ചു തകർത്തിരുന്നു. ആക്രമണത്തിനു പിന്നിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്നാണ് എ.ബി.വി.പിയുടെ ആരോപണം.
എ.ബി.വി.പി, ആർ.എസ്.എസ് പ്രവർത്തകരെ ഗവർണർ കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.
Content Highlight: ABVP leader nominated by Governor to University senate in Police remand